ഇടുക്കിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ ചന്ദനതടികൾ, കണ്ടെത്തിയത് ഇരുപത് ചെറിയ തടിക്കഷ്ണങ്ങളായി, സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം, സ്വകാര്യ വ്യക്തികളുടെ ചന്ദന മരങ്ങൾ മുറിച്ച സംഭവത്തിലും അന്വേഷണം ഊർജ്ജിതം

ഇടുക്കി രാമക്കൽമേട്ടിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ചന്ദനതടികൾ കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാമക്കൽമേടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ സംഭവം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗങ്ങളാണോ കണ്ടെത്തിയതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചന്ദനതടിയുടെ ഇരുപത് ചെറിയ കഷ്ണങ്ങളാണ് കണ്ടെത്തിയത്. പ്രധാനമായും സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.സ്വകാര്യ വ്യക്തികളുടെ ചന്ദന മരങ്ങൾ മുറിച്ച സംഭവത്തിലുൾപ്പെടെ അന്വേഷണം നടക്കുകയാണ്. പല്ലാട്ട് രാഹുൽ, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചത്.
എട്ടു മരങ്ങളാണ് ഇവരുടെ പറമ്പിൽ നിന്ന് മുറിച്ചുകടത്തിയതെന്ന് പ്രാഥമിക പരിശോധനിയിൽ കണ്ടെത്തിയത്.കുമളി റേഞ്ചിലെ കല്ലാർ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.തടിക്ക് കാതൽ ഇല്ലാത്തതിനാൽ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്.
മുമ്പ് മുറിച്ച മരത്തിൻറെ കുറ്റിയും പരിശോധനയിൽ കണ്ടെത്തി. പ്രതികൾ രാമക്കൽമേട് മേഖലയിലുള്ളവർ തന്നെയാണെന്നാണ് വനംവകുപ്പിൻറെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























