കോട്ടയം ചിങ്ങവനം പരുത്തുംപാറ റൂട്ടിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ച ആംബുലൻസ് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി; ഡ്രൈവറെ രക്ഷിച്ചത് ക്യാബിൻ വെട്ടിപ്പൊളിച്ച്

ചിങ്ങവനം - പരുത്തുംപാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ആംബുലൻസും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊല്ലാട് എയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ ഡ്രൈവർ രാജീവ് തോമസിനെ(38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ എട്ടരയോടെ ചിങ്ങവനം - പരുത്തുംപാറ റോഡിൽ സദനംകവലയിൽ വില്ലേജ് ഓഫിസിനു മുന്നിലെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്കു പോയ ലോറിയുടെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റിയ ആംബുലൻസ് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസിനുള്ളിൽ നിന്നും രാജീവ് തോമസിനെ പുറത്ത് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. ഇതിനിടെ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ ഒഴുകുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്ത്് എത്തി. തുടർന്നു, ആംബുലൻസിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്ത് എത്തിച്ചത്. ഇദ്ദേഹത്തെ മറ്റൊരു ആംബുലൻസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്നു റോഡിൽ പടർന്നൊഴുകിയ ഡീസൽ അഗ്നിരക്ഷാ സേനാ സംഘം കഴുകി വൃത്തിയാക്കി. ആംബുലൻസും വാഹനങ്ങളും റോഡിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം നീക്കി. അരമണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























