ആരാണ് അഡ്വക്കേറ്റ് രാമൻ പിള്ള; ഒറ്റവാക്കിൽ ക്രിമിനൽ സിൻഡിക്കേറ്റുകളുടെ ഗോഡ്ഫാദർ. ടി പി കേസിൽ മാത്രമല്ല, എസ് എൻ സി ലാവ്‌ലിൻ കേസിൽ പിണറായിയുടെ കൂട്ടുപ്രതികളെ രക്ഷിച്ചതും രാമൻ പിള്ളയുടെ വാദം. ഡിജിപി ആക്കാനുള്ള നീക്കത്തെ വെട്ടിയത് വി.എസ്

കേരള ഹൈക്കോടതിയെ കിടുക്കുന്ന ക്രിമിനൽ വക്കീലന്മാരുടെ അധിപനാണ് അഡ്വ. ബി രാമൻ പിള്ള . സിറ്റിങ്ങിന് നൽകാൻ അമ്പത് ലക്ഷം രൂപയും വാദിക്കാൻ രാമൻപിള്ളയുമുണ്ടെങ്കിൽ എന്തു കുറ്റവും ചെയ്യാമെന്ന അലിഖിത മുദ്രാവാക്യം ഹൈക്കോടതിക്കു ചുറ്റും പാറി നടപ്പുണ്ട്. കുറ്റം ചെയ്തവരെല്ലാം രാമൻപിള്ളയെ തേടിപ്പോകുന്നത് സമീപകാലത്ത് കണ്ടതാണ്. കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, പാലാരിവട്ടം പാലം പൊളിഞ്ഞ കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടി പി കൊലക്കേസിലെ പ്രതികൾ, അഭയ കേസിൽ സഭ, ഏറ്റവും ഒടുവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി .... അങ്ങനെ എത്ര കേസുകൾ.
ശ്രീജിത്തിന്റെ സ്ഥാനമാറ്റവും ലാവ് ലിൽ കേസും ടി പി കേസിൽ പ്രതികൾക്ക് വേണ്ടി വാദിച്ചതിനെ തുടർന്ന് ബി രാമൻപിള്ളയും സി പി എം നേതൃത്വവും തമ്മിലുള്ള സൗഹൃദം മറനീക്കി പുറത്തുവന്നതാണ്. ഇതിന് സമാനമാണ് എസ് എൻ സി ലാവ്‌ലിൻ കേസിലെ ഇടപെടൽ . പിണറായി വിജയന്റെ കൂട്ടുപ്രതികൾക്ക് വേണ്ടി എസ് എൻ സി ലാവ്‌ലിൻ കേസിൽ ഹൈക്കോടതിയിൽ ഹാജരായത് ബി രാമൻപിള്ളയാണ്. പിണറായിയുടെ ഏറ്റവും വിശ്വസ്തരായ കെ എസ് ഇ ബി മുൻ ചെയർമാനായ പി എ സിദ്ധാർത്ഥ മേനോൻ , ഇ കെ നായനാർ മന്ത്രിസഭയിൽ പിണറായി വൈദ്യുത മന്ത്രിയായിരിക്കുമ്പോൾ ഊർജ സെക്രട്ടറി ആയിരുന്ന കെ മോഹന ചന്ദ്രൻ , അക്കൗണ്ടന്റ് കെ ജി രാജശേഖരൻ നായർ തുടങ്ങിയവർക്കെല്ലാം ഹൈക്കോടതിയിൽ ബി രാമൻപിള്ള സംരക്ഷിത കവചമൊരുക്കി. പിണറായിക്കു വേണ്ടി ഹരീഷ് സാവ് ലെയായിരുന്നു കോടതിയിൽ ഹാജരായത്. പിണറായി വിജയന്റെ ജീവിതത്തിലെ ഏറ്റവും ദുർബല കാലഘട്ടമായിരുന്നു എസ് എൻ സി ലാവ്‌ലിൻ കേസ് നേരിട്ടപ്പോഴുണ്ടായിരുന്നത്. ആ ഗാഢസൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു .
ദിലീപ് കേസിന്റെ അന്വേഷണത്തിലൊന്നും ഇടപെടാതിരുന്ന പിണറായി ക്രൈംബ്രാഞ്ച് രാമൻ പിള്ളയെ തൊട്ടപ്പോൾ അതൃപ്തനായി. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് മേൽ പലതലത്തിലുള്ള സമ്മർദ്ദങ്ങളുണ്ടായി. ഇതിനിടയിലാണ് രാമൻ പിള്ളയുടെ കൂടി സുഹൃത്തായ പി ശശി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാമൻ പിള്ളക്ക് ശ്രീജിത്ത് നോട്ടീസയച്ചതോടെ സ്ഥാനമാറ്റമല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്ന നില വന്നു. സർക്കാരിന് പഴികേട്ടാലെന്ത് രാമൻ പിള്ളയോടുള്ള ശശിയുടെ കൂറ് സംരക്ഷിക്കപ്പെട്ടു.
വെട്ടിയത് വി. എസ്
വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി രാമൻ പിള്ളയെ അവരോധിക്കാൻ വലിയ നീക്കം നടന്നിരുന്നു. പിണറായിയുടെ വിശ്വസ്തനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന എം കെ ദാമോദരൻ ആയിരുന്നു ചരടുവലികൾക്ക് പിന്നിൽ. സുരേഷ് കുമാർ ഐ എ എസും ജോസഫ് സി മാത്യുവുമടങ്ങുന്ന വിശ്വസ്തർ വി എസിനൊപ്പം നിലയുറപ്പിച്ച കാലം. വ്യവഹാരങ്ങളുടെ രാജാവു കൂടിയായ വി എസ് അപകടം മണത്തു . തുടർന്നായിരുന്നു സി പി സുധാകര പ്രസാദ് ഡി ജി പി ആകട്ടെ എന്ന തീരുമാനം പെട്ടന്ന് വന്നത്. എന്നാൽ പിണറായി അധികാരത്തിലെത്തിയതോടെ രാമൻ പിള്ള വീണ്ടും സമ്മതനായി. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ സർക്കാർ രൂപീകരിച്ച ലോക് ഡൗൺ മാർഗ നിർദ്ദേശക സമിതിയിൽ ബി രാമൻ പിള്ളയെ ഉൾപ്പെടുത്തിയിരുന്നു.
രണ്ടായിരത്തി പതിനേഴ് ആഗസ്റ്റ് നാലിനാണ് ക്രിമിനൽ വക്കീലായ കെ രാംകുമാറിനെ ഒഴിവാക്കി ബി രാമൻപിള്ളയെ കേസ് ഏൽപ്പിക്കുന്നത്. കേസിൽ ദിലീപിന് ജാമ്യം കിട്ടിയതോടെ രാമൻപിള്ള ദിലീപ് ഫാൻസിന്റെ ഹീറോയായി . പിന്നീട് ഇരുപത് സാക്ഷികൾ ദിലീപിനനുകൂലമായി കൂറ് മാറിയത് ചരിത്രം.
സാക്ഷികൾ കൂറുമാറിയതും അഭിഭാഷകന്റെ മുറിയിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതും ചൂണ്ടിക്കാണിച്ച് അതിജീവിത ഹൈക്കോടതി ബാർ അസോസിയേഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ രാമൻ പിള്ളയുടെ സ്വാധീനത്തിനു മുമ്പിൽ ബാർ അസോസിയേഷൻ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതാൻ വയ്യ. ചുരുക്കത്തിൽ ടി പി കേസിലും എസ് എൻ സി ലാവ്‌ലിൻ കേസിലും പിണറായി വിജയന്റെ അനുചരൻമാരുമായി രാമൻ പിള്ള ഉണ്ടാക്കിയ സൗഹൃദം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഗുണമാകുമെന്നുറപ്പ്.
https://www.facebook.com/Malayalivartha























