നിയന്ത്രണങ്ങളില്ലാത്ത തൃശൂര്‍ പൂരം... തൃശ്ശിവപ്പേരൂര്‍ ഇനി പൂരപ്രേമികളുടെ, ആന പ്രേമികളുടെ മേള പ്രേമികളുടെ സംഗമ ഭൂമിയാകും

രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറ്റിയ ഇത്തവണത്തെ തൃശൂര്‍ പൂരം അതിഗംഭീരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലായെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഓരോരുത്തരും സുരക്ഷ സ്വയം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം പ്രതിസന്ധികളെല്ലാം മാറിയതോടെ മെയ് 10, 11 തിയതികളില്‍ നടക്കുന്ന പൂരത്തിലേക്ക് 15 ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്‌ബേറ്റി തെക്കേ ഗോപുരനട തള്ളി തുറക്കുന്നതോടെ പൂരം വരവറിയിക്കും. പെരുവനം കുട്ടന്‍ മാരാരും സംഘവും ഇലഞ്ഞിത്തറയില്‍ മേളപ്പെരുക്കം കൊണ്ട് പൂരം മുറുക്കും.
കുടമാറ്റത്തിന് അസ്തമയ സൂര്യന്റെ പ്രഭയില്‍ മുത്തുകുടകള്‍ ചിരിക്കും. പുലര്‍ച്ചെ പാറമേക്കാവും തിരുവമ്ബാടിയും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുടെ കെട്ടിന് തീ കൊളുത്തിയാല്‍ പിന്നെ ആകാശപ്പൂരമാണ്. നേരം പുലരുന്നതോടെ വീണ്ടും കാണാമെന്ന ഉറപ്പില്‍ പുരുഷാരം മടക്കയാത്ര തുടങ്ങും. കണ്ണും കാതും മനസും നിറയ്ക്കാന്‍ തേക്കിന്‍ കാട് മാടി വിളിക്കുകയാണ്.
പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് മന്ത്രി അറിയിച്ചു.
മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരും ജനപ്രതിനിധികള്‍ ,ദേവസ്വം ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയതായി യോഗത്തില്‍ സര്‍ക്കാര്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha

























