തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. തെരുവുനായ ഉന്മൂലന സമിതിയുമായി ചേര്‍ന്നായിരുന്നു ജോസിന്റെ പ്രഖ്യാപനം.
തെരുവു കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ജനസേവ ശിശുഭവന്റെ ചെയര്‍മാനാണ് ജോസ് മാവേലി. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തെക്കൂടാതെ പുല്ലുവഴിയില്‍ നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ തെരുവുനായ് ഉന്‍മൂലന സംഘത്തിന്റെ പ്രസിഡന്റ് പുല്ലുവഴി ഒടുവേലി ഒ.എം. ജോയ്, പട്ടിപിടിത്തക്കാരന്‍ വരാപ്പുഴ അഞ്ജനപ്പിള്ളി രഞ്ജന്‍ എന്നിവരെയും കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. മൂവാറ്റുപുഴയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നൊടുക്കിയ ഓട്ടോ റിക്ഷത്തൊഴിലാളിയും സാമൂഹിക പ്രവര്‍ത്തകനുമായ എം.ജെ. ഷാജിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
\'സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്\' (എസ്പിസിഎ) പെരുമ്പാവൂരില്‍ തെരുവുനായ് ഉന്‍മൂലന സംഘത്തിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയതിനൊപ്പം നായ്ക്കളെ പിടികൂടി കൊല്ലുന്നവര്‍ക്ക് 500 രൂപ പ്രതിഫലവും സംഘം പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ 428, 429 വകുപ്പുകള്‍ പ്രകാരവും പ്രേരണക്കുറ്റവും ചുമത്തിയാണ് കേസെടുത്തത്. ഇതേതുടര്‍ന്നു മൂവരും സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
തെരുവുനായ്ക്കള്‍ ജനങ്ങളെ കടിച്ചാല്‍ മൃഗക്ഷേമ ബോര്‍ഡും തങ്ങള്‍ക്കെതിരെ പരാതി നല്‍കിയ സംഘടനയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു ജോസ് മാവേലി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരമനുസരിച്ച് അനുവാദം തരികയാണെങ്കില്‍ നായ്ക്കളെ പിടികൂടി കൊല്ലാന്‍ സംഘം തയാറാണെന്നും ഇതിനായി സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനു ശേഷവും സംഘത്തിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തു നിന്നു മൂന്നു നായ്ക്കളെ പിടികൂടി കൊന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലായിടത്തും ജനപിന്തുണയുള്ളതിനാല്‍ ഇതു തുടരാന്‍ തന്നെയാണു സംഘത്തിന്റെ തീരുമാനം.
അതേസമയം, സംഘടനകള്‍ക്കു മൃഗങ്ങളെ കൊല്ലാനുള്ള അധികാരമില്ലെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും എസ്പിസിഎ ഭാരവാഹികള്‍ പറഞ്ഞു. റജിസ്‌ട്രേഷനില്ലാത്ത സംഘടനയാണു നായ് വേട്ടയ്ക്കിറങ്ങിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പൊലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. തെരുവുനായ് ഉന്‍മൂലന സംഘം പുല്ലുവഴിയില്‍ കൊന്ന ഏഴു നായ്ക്കളില്‍ നാലെണ്ണത്തിനെ വളയന്‍ചിറങ്ങര മൃഗാശുപത്രിയിലെ ഡോക്ടര്‍ വീണ മേരി ഏബ്രഹാം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ശ്വാസംമുട്ടിച്ചാണു നായ്ക്കളെ കൊന്നതെന്നാണു പരാതി. ഇതു കണ്ടെത്തുന്നതിനാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളെയോ പൊലീസിനു കൈമാറും. കഴിഞ്ഞ 23നാണു പുല്ലുവഴിയില്‍ നിന്നു സംഘം ഏഴു നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയത്. പഞ്ചായത്ത് സെക്രട്ടറിയും പൊലീസും സ്ഥലത്തെത്തി പട്ടിപിടിത്തം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണു സംഘം പിന്‍വാങ്ങിയത്. സംഘത്തിന്റെ സഹായത്തോടെ കോലഞ്ചേരിയിലും നാട്ടുകാര്‍ അഞ്ചു പട്ടികളെ പിടികൂടി കൊന്നിരുന്നു.
മൂവാറ്റുപുഴയില്‍ തെരുവുനായ് ആക്രമണങ്ങള്‍ രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു ഷാജി നായ്ക്കളെ കൊല്ലാനിറങ്ങിയത്. തെരുവു പട്ടികളെ വിഷം കൊടുത്തു കൊന്ന ഷാജി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. മൃഗസ്‌നേഹി സംഘടനകള്‍ ഷാജിക്കെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതു തടയണമെന്ന ഡിജിപിയുടെ ഉത്തരവു പുറത്തുവന്നതോടെയാണു ഷാജിക്കെതിരെ കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























