തെരുവു നായ്ക്കള്‍ക്ക് നിയമം അനുശാസിക്കുന്ന വിലയുണ്ടോയെന്ന് ആരു കണ്ടെത്തും?

മനുഷ്യ ജീവനു ഭീഷണിയായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ ബലത്തില്‍ തെരുവ് നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ പെരുമ്പാവൂരിലെ തെരുവുനായ് ഉന്‍മൂലന സംഘം ഭാരവാഹികള്‍ക്കെതിരെയുള്ള പൊലീസ് കേസ് പുതിയൊരു നിയമ പോരാട്ടത്തിനു വഴി തുറക്കുകയാണ്. പെരുമ്പാവൂരില്‍ കുഴിച്ചിട്ട നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന അസാധാരണ നടപടി വരെയുണ്ടായി.
\'സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്\' എന്ന സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്. ഉന്‍മൂലന സംഘം കൊന്നു കുഴിച്ചിട്ട നായകളെ പുല്ലുവഴിയില്‍ രണ്ടിടത്തു കുഴി മാന്തി പുറത്തെടുത്ത് വെറ്ററിനറി സര്‍ജന്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 428, 429 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
നായ് വധ നിരോധന നിയമമൊന്നുമില്ലെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 428, 429 വകുപ്പുകള്‍ പ്രകാരമാണ് തെരുവ് നായ്ക്കളെ കൊന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. രണ്ടു വകുപ്പുകളും മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെയുള്ളതാണ്.
428-ാം വകുപ്പ് പ്രകാരം 10 രൂപയില്‍ കൂടുതല്‍ വിലയുള്ള മൃഗത്തേയും 489-ാം വകുപ്പ് പ്രകാരം കാലികള്‍ അല്ലെങ്കില്‍ 50 രൂപയില്‍ കൂടുതല്‍ വിലയുള്ള മൃഗങ്ങളേയും കൊല്ലുന്നതോ അംഗഭംഗം വരുത്തുന്നതോ വിഷം നല്‍കുന്നതോ ആണ് കുറ്റകരമാവുന്നത്.
ജീവന്റെ വില നിര്‍ണയിക്കാനാവില്ലെങ്കിലും തെരുവു നായ്ക്കള്‍ക്ക് നിയമം അനുശാസിക്കുന്ന വിലയുണ്ടോ എന്നതാണ് നിയമത്തിലെ പഴുതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വളര്‍ത്തു നായ്ക്കള്‍ക്ക് ഉടമ നിശ്ചയിക്കുന്ന വിലയുണ്ട്. പക്ഷേ തെരുവ് നായ്ക്കളുടെ വില ആര് എങ്ങനെ നിശ്ചയിക്കും എന്നതാണ് നിയമപരമായ പ്രശ്‌നം. രണ്ട് വകുപ്പുകളിലും മൃഗത്തിന്റെ ഉടമയുമായി കോടതിക്കു പുറത്ത് കേസ് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കാം എന്നും നിയമം അനുശാസിക്കുന്നു. അതായത് ഉടമയും മൂല്യവുമുള്ള മൃഗങ്ങളുടെ കാര്യത്തിലാണ് ഈ നിയമങ്ങള്‍ എന്നു വ്യക്തം.
എന്തായാലും പെരുമ്പാവൂരിനു പിന്നാലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിവാദമായ ഈ നിയമ നടപടികള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതൊടൊപ്പം നിയമ പോരാട്ടവും സജീവമാകും. തെരുവ് നായ്ക്കളുടെ ജീവനാണോ മനുഷ്യന്റെ സുരക്ഷയാണോ മുഖ്യമെന്ന ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്.
നായ് ശല്യം: തോമസ് ചാണ്ടി എംഎല്‍എ ഹര്‍ജി നല്‍കി
സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പട്ടി കടിയേറ്റ് ആറു പേരുടെ ജീവന്‍ നഷ്ടപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ 300 പേരെ കടിക്കുകയും ചെയ്തിട്ടും സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടപടിക്കു മുതിരുന്നില്ല. \'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി\' ഇപ്പോള്‍ \'ഡോഗ്‌സ് ഓണ്‍ കണ്‍ട്രി\' ആയി മാറിയെന്നാണ് ആക്ഷേപം.
പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും മനുഷ്യ ജീവനെക്കാള്‍ വില കല്‍പിക്കുന്നതു മൃഗങ്ങളുടെ ജീവനാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കുട്ടികളും പ്രായമായവരും കൂടുതലായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നായ്ക്കളില്‍ ജനന നിയന്ത്രണ ചട്ടം നടപ്പാക്കുന്നതു പ്രായോഗികമോ ഫലപ്രദമോ അല്ല. ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്.
തെരുവുനായയെ കൊല്ലാന്‍ നിയമപ്രകാരം വിലക്കില്ലെന്ന വാദത്തിനൊപ്പം ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു: മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 11 (3) (ബി) വകുപ്പ് തെരുവു നായ്ക്കളെ ഗ്യാസ് ചേംബറുകളിലാക്കിയോ മറ്റു നിയത മാര്‍ഗങ്ങളിലൂടെയോ ഉന്മൂലനം ചെയ്യണമെന്നു പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 9 (എഫ്) പ്രകാരം അനാവശ്യ മൃഗങ്ങളെ തദ്ദേശസ്ഥാപനങ്ങള്‍ ഉന്മൂലനം ചെയ്യുന്നുവെന്നുറപ്പാക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കു ബാധ്യതയുണ്ട്. മുനിസിപ്പാലിറ്റി നിയമം 438 പ്രകാരം ലൈസന്‍സില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി നശിപ്പിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ഉത്തരവാദിത്തമുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും മൃഗക്ഷേമ ബോര്‍ഡും ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍, ഇവരെ കക്ഷിചേര്‍ത്തിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























