തിരുവനന്തപുരം കോര്‍പറേഷന്‍ പ്‌ളാസ്റ്റിക് ശേഖരണം വീണ്ടും തുടങ്ങി

ഒരു മാസത്തോളമായി നിലച്ചിരുന്ന പ്ലാസ്റ്റിക് ശേഖരണം തിരുവനന്തപുരം കോര്‍പറേഷന്‍ പുനരാരംഭിച്ചു. കോര്‍പറേഷനില്‍ നിന്ന് ഇതുവരെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ക്ലീന്‍ കേരള കമ്പനിയെ കാത്തു നില്‍ക്കാതെ തമിഴ്‌നാട് സ്വദേശിക്കാണ് പ്ലാസ്റ്റിക് മാലിന്യം നല്‍കിയത്. അതതു സര്‍ക്കിള്‍ ഓഫിസുകളില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് ശേഖരിച്ച് തുടങ്ങുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത പറഞ്ഞു.
വിവിധ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസുകളില്‍ നിന്ന് പ്ലാസ്റ്റിക് ഏറ്റെടുത്തു നീക്കം ചെയ്യുന്നതിനു സുഭാഷ്ചന്ദ്രബോസ് എന്ന തമിഴ്‌നാട് സ്വദേശിയെയാണു കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് വേര്‍തിരിക്കലും വൃത്തിയാക്കലും എല്ലാം ഇദ്ദേഹം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ചില്ല് കുപ്പികളും പൊട്ടിയ കുപ്പികളും നഗരത്തില്‍ നിന്ന് നീക്കം ചെയ്യാനും ഒരു തമിഴ്‌നാട്ടുകാരനെ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കോര്‍പറേഷന്‍ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. എന്നാല്‍, ശേഖരിക്കുന്ന പ്ലാസ്റ്റിക് വേര്‍തിരിച്ചു സംഭരിക്കുന്നതിന് 2500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടം നിര്‍മിക്കണമെന്ന് ക്ലീന്‍ കേരള കമ്പനി കോര്‍പറേഷനോട് ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണം ഉടന്‍ തുടങ്ങാനാകാത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് ശേഖരണവും നിര്‍ത്തിയിരിക്കുകയായിരുന്നു. പ്ലാസ്റ്റിക് വാങ്ങാന്‍ തമിഴ്‌നാട് സ്വദേശി എത്തിയ സ്ഥിതിക്ക് പ്ലാസ്റ്റിക് ശേഖരണവും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























