പൊതുശ്മശാനത്തില്‍ വിറകു ലാഭിക്കാന്‍ മൃതദേഹം ചിതയില്‍നിന്നു മാറ്റി

കാശിനോടുള്ള ആര്‍ത്തിയില്‍ അപമാനിക്കപ്പെടുന്നത് മൃതദേഹങ്ങള്‍. വിറകു ലാഭിക്കാന്‍ ഭാഗികമായി കത്തിയ പുരുഷന്റെ മൃതദേഹം കരാറുകാരനും ജീവനക്കാരും പൊതുശ്മശാനത്തിലെ ചിതയില്‍ നിന്നു മാറ്റി. ഇതു കുളിമുറിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നു കരാറുകാരനും രണ്ടു ജോലിക്കാര്‍ക്കുമെതിരേ കേസെടുത്തു. മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. അങ്ങനെ എളുപ്പം ദഹിച്ചുപോയാല്‍ എങ്ങനെ എന്ന നിലപാടിലാണ് ജോലിക്കാര്‍.
തൃപ്പൂണിത്തുറ നഗരസഭാ വക ഇരുമ്പനം പൊതുശ്മശാനത്തിലാണ് ഇന്നലെ ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി കണ്ടു ജനം അമ്പരന്നത്. എരൂര്‍ സ്വദേശിയായ കൊച്ചുപുരക്കല്‍ സലി (56) യുടെ മൃതദേഹം സംസ്‌കരിക്കാനായി ബന്ധുക്കള്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ശ്മശാനത്തിലെത്തിയിരുന്നു. മൃതദേഹം ചിതയിലേക്കു വച്ചശേഷം കൂടെ വന്ന രണ്ടുപേര്‍ മൂത്രമൊഴിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറ്റൊരു മൃതദേഹം മൂടിയിട്ടിരിക്കുന്നതു കണ്ടു. ഇതു തുറന്നുനോക്കിയപ്പോള്‍ ഭാഗികമായി കത്തിയ മൃതദേഹം കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു.
ഉടനെ മറ്റുള്ളവരെയും തൃപ്പൂണിത്തുറ പോലീസിനെയും വിവരം അറിയിച്ചു. ശ്മശാനത്തിലെ രജിസ്റ്ററില്‍ നോക്കിയപ്പോള്‍ ഇന്നലെ രാവിലെ 10 ന് കരിമുകള്‍ കളപ്പുരക്കല്‍ ശശിധരന്റെ മൃതദേഹം സംസ്‌കരിക്കാനായി എത്തിച്ചിരുന്നതായും കണ്ടു. തുടര്‍ന്ന് ശശിധരന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
രാവിലെ 10 നു മൃതദേഹം എത്തിച്ചപ്പോള്‍ സഞ്ചയനത്തിനുള്ള അസ്ഥി ലഭിച്ചശേഷം പോകാമെന്നു പറഞ്ഞപ്പോള്‍ നാളെ രാവിലെ വന്നാല്‍ മതിയെന്ന് ശ്മശാനം ജീവനക്കാര്‍ പറഞ്ഞു. അതിനാല്‍ ബന്ധുക്കള്‍ മടങ്ങിയശേഷം ജീവനക്കാര്‍ ചിത കെടുത്തി മൃതദേഹം കുളിമുറിക്കു സമീപത്തേക്കു മാറ്റുകയായിരുന്നു. നന്ദനന്‍ എന്ന ജീവനക്കാരനാണ് ഇതിനു നേതൃത്വം നല്‍കിയതെന്നു മറ്റു ജീവനക്കാര്‍ പറഞ്ഞു. ഇയാളാണ് ഓടിരക്ഷപ്പെട്ടത്.
വിറകും ചിരട്ടയും മറ്റും ലാഭിക്കാനാണ് ഇതെന്നാണു വിവരം. കഴിഞ്ഞവര്‍ഷവും ഇതേ രീതിയിലുള്ള സംഭവമുണ്ടായി. അന്നു നഗരസഭാധികൃതര്‍ കരാറുകാരനെ താക്കീത് ചെയ്തിരുന്നു. മരടിലെ പൊതുശ്മശാനമായ ശാന്തികവാടത്തിലും സമാനമായ രീതിയിലുള്ള നടപടികളുണ്ടായിട്ടുണ്ട്.
മൂന്നു ശ്മശാനങ്ങളുടെ കരാര്‍ എടുത്തിട്ടുള്ളതു സരസന്‍ എന്നയാളാണ്. മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കളപ്പുരക്കല്‍ ശശിധരന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എരൂര്‍ സ്വദേശി സലിയുടെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിച്ചു.
പിന്നീട് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കാറാണ് പതിവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എല്ലു ചോദിച്ച് വരുന്നവര്‍ക്ക് ആരുടെയെങ്കിലും പെറുക്കി കൊടുക്കാറാണ് പതിവ്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























