ലിസ്യു മഠത്തില്‍ നിന്ന് സതീഷ് ബാബു രക്ഷപ്പെട്ടത് പിന്‍വാതില്‍ തുറന്ന്; ആ ഫോണുകള്‍ ഇനി വേണ്ടെന്നു കന്യാസ്ത്രീകള്‍

രണ്ടു കന്യാസ്ത്രീകളെ അരുംകൊല ചെയ്ത പ്രതി സതീഷ് ബാബുവിനെ ഇന്നലെ പാലാ ലിസ്യു മഠത്തില്‍ കൊണ്ടുവന്ന് തെളിവെടുത്തു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ലിസ്യു മഠത്തില്‍ രണ്ടു രാത്രികളില്‍ അതിക്രമിച്ചു കയറിയ വഴിയും രീതിയും ഉറങ്ങിക്കിടന്ന സിസ്റ്റര്‍ ജെസീന്തയെയും സിസ്റ്റര്‍ അമലയെയും ആക്രമിച്ച രീതിയും പ്രതി വിവരിച്ചു.
പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാവിലെ പതിനൊന്നോടെയാണു പ്രതിയെ ലിസ്യു മഠത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. രണ്ടു ആക്രമണക്കേസുകളിലും വെവ്വേറെ തെളിവെടുപ്പുകളാണു നടത്തിയത്.
12-ന് അര്‍ധരാത്രി സിസ്റ്റര്‍ ജെസീന്തയുടെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച ആദ്യസംഭവത്തില്‍ അന്നു മഠത്തിനു വശത്തുള്ള വാട്ടര്‍ പൈപ്പില്‍ പിടിച്ചുകയറി വെന്റിലേറ്ററിന്റെ ഷെയ്ഡിലെത്തി അതുവഴി മഠത്തിനുള്ളിലെ പോര്‍ച്ചില്‍ കടക്കുകയായിരുന്നു. എല്ലാവരും ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയിട്ട് നടുത്തളത്തിലേക്കു കടക്കുകയുമായിരുന്നുവെന്നു പ്രതി പറഞ്ഞു.
ഇരുസംഭവങ്ങളിലും പിന്‍വാതില്‍ തുറന്നാണു പ്രതി രക്ഷപ്പെട്ടത്. മഠത്തിനു പിന്നിലൂടെ കടന്നു ചെറുപുഷ്പം ആശുപത്രിക്കു മുന്നിലെ റോഡിലൂടെ നടന്നു പാലാ ടൗണിലെത്തി മൂന്നാനി ഷാപ്പിലേക്കു പോകുകയായിരുന്നുവെന്നു പ്രതി വെളിപ്പെടുത്തി.
മഠത്തിനു പിന്‍വശം അടുക്കള ഭാഗത്ത് പണിയായുധങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്തു നിന്നെടുത്ത പട്ടികപോലുള്ള കട്ടികൂടിയ സാമഗ്രി ഉപയോഗിച്ചാണ് സിസ്റ്റര്‍ ജെസീന്തയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരു മുഴം നീളമുള്ള പട്ടികയെന്ന് പ്രതി ആംഗ്യം കാണിക്കുകയും പുറത്തേക്കു വലിച്ചെറിഞ്ഞെന്നു പറയുകയും ചെയ്തു. ഇവിടെനിന്നു ശേഖരിച്ച പണിയായുധങ്ങള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
16-ന് അര്‍ധരാത്രി മതില്‍ചാടി മഠത്തിന്റെ അടുക്കള വശത്തുകൂടി വെന്റിലേറ്ററിലും ഗ്രില്ലിലും തൂങ്ങി കെട്ടിടത്തിന്റെ മുകളില്‍ കയറി നടുമുറ്റത്തെത്തിയാണു കിടപ്പുമുറിയുടെ ഭാഗത്തെത്തിയത്. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്താനുപയോഗിച്ച കൈത്തൂമ്പ മഠം നടുത്തളത്തിലെ സ്‌റ്റെയര്‍ കെയ്‌സിനു താഴെ മെയിന്‍ സ്വിച്ചിനു സമീപമുള്ള പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തു നിന്നെടുത്തതാണെന്നു പ്രതി പറഞ്ഞു.
കൃത്യം നടത്തിയശേഷം അവിടെത്തന്നെ ഇതു തിരികെവച്ചു. നടുമുറ്റത്തുനിന്നു വരാന്തയിലേക്കുള്ള ഗ്രില്ലിന്റെ ചെറിയ താഴ് ഇരുമ്പു കമ്പിയുപയോഗിച്ചു തകര്‍ത്താണ് അകത്തുകടന്നതെന്നും സിസ്റ്റര്‍ അമലയുടെ മുറിലെത്തുന്നതിനു മുമ്പ് മഠത്തിലെ തുറന്നിട്ടിരുന്ന ഒരു മുറിയില്‍നിന്നും 450 രൂപ മോഷ്ടിച്ചതായും സമ്മതിച്ചു. അന്നു രാത്രി പന്ത്രണ്ടോടെ കാര്‍മല്‍ ആശുപത്രിയില്‍ അടിയന്തര ഡ്യൂട്ടിക്കുപോയ ഡോ. സിസ്റ്റര്‍ റൂബിയുടെ മുറിയില്‍നിന്നാണു പണം അപഹരിച്ചത്. അഞ്ഞൂറോളം രൂപ മോഷണം പോയതായി സിസ്റ്റര്‍ ഡോ. റൂബി മൊഴി നല്‍കിയിരുന്നു.
കനത്ത പോലീസ് വലയത്തിലാണു പ്രതിയെ എത്തിച്ചത്. പാലാ സിഐ ബാബു സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട സിഐ സി.ജി. സനല്‍കുമാര്‍, രാമപുരം സിഐ ഇമ്മാനുവല്‍ പോള്‍, പാലാ എസ്‌ഐ ബിന്‍സ് ജോസഫ് എന്നിവര്‍ക്കു പുറമേ സമീപപ്രദേശങ്ങളിലെ എസ്‌ഐമാരും നിരവധി പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.
എറണാകുളം, കോട്ടയം ജില്ലകളിലെ 12 കന്യാസ്ത്രീ മഠങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തുകയും ആറു മഠങ്ങളില്‍ കയറി അതിക്രമം കാണിക്കുകയും ചെയ്തതായി സതീഷ് ബാബു പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വേറെയും മഠങ്ങളില്‍ ഇയാള്‍ സമാനമായ കൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാകുമെന്നാണു പോലീസ് സൂചന നല്‍കുന്നത്.
ഭരണങ്ങാനം സ്‌നേഹഭവന്‍ അസീസി കോണ്‍വന്റില്‍നിന്നും രണ്ടു കന്യാസ്തീകളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതും അന്തേവാസിയുടെ തലയ്ക്കിട്ട് അടിച്ച സംഭവവും സംബന്ധിച്ച് അന്നു പരാതി നല്‍കിയെങ്കിലും ഇപ്പോഴാണ് അന്വേഷണം പോലീസ് ആരംഭിച്ചിരിക്കുന്നത്.
ഭരണങ്ങാനം സ്‌നേഹഭവനില്‍ അന്തേവാസിയെ ആക്രമിച്ച രാത്രി സതീഷ് ബാബു മോഷ്ടിച്ച രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്ത് ഇന്നലെ മഠത്തിലെത്തിച്ചു. ഫോണ്‍ തങ്ങളുടേതു തന്നെയെന്നു തിരിച്ചറിഞ്ഞെങ്കിലും നികൃഷ്ടമായ കൃത്യങ്ങള്‍ക്കു സതീഷ് ബാബു ഉപയോഗിച്ച ഫോണ്‍ തിരികെ വാങ്ങാന്‍ കന്യാസ്ത്രീകള്‍ വിസമ്മതിച്ചു. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ ആക്രമണം നടന്നത്. കന്യാസ്ത്രീ മാരുടെ സംരക്ഷണയില്‍ കഴിയുന്ന രോഗിയായ 68 വയസുള്ള അന്തേവാസിയുടെ തലയ്ക്കടിച്ചു പരിക്കേല്പിച്ചശേഷമാണ് സതീഷ് ബാബു രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. ഇവ പ്രതിയുടെ പാലായിലുള്ള സുഹൃത്തുക്കളില്‍നിന്നാണു കഴിഞ്ഞദിവസം പോലീസ് കണ്ടെടുത്തത്.
ഈ ഫോണുകളാണ് സിസ്റ്റര്‍ അമല കൊലക്കേസിന്റെ അന്വേഷണത്തിലെ ആദ്യ സൂചനകളായി മാറിയത്. ഇതില്‍ സിം കാര്‍ഡ് മാറി പ്രതി ഉപയോഗിച്ചിരുന്നു. മറ്റൊരു ഫോണ്‍ പണയം വയ്ക്കുകയും ചെയ്തിരുന്നു. ഫോണിലെ ഐഎംഇ നമ്പര്‍ കണ്ടെടുത്താണു കൊലപാതക ദിവസം രാത്രി പ്രതി പാലാ ടൗണില്‍ ഉണ്ടായിരുന്നതായി സൈബര്‍ സെല്‍ ഉറപ്പാക്കിയത്.
സ്‌നേഹഭവനിലെ അന്തേവാസിയുടെ തലയ്ക്കു പിന്‍ഭാഗത്തുള്ള മുറിവ് കട്ടിലില്‍നിന്നും വീണു പറ്റിയതെന്നാണ് ആദ്യം വിചാരിച്ചതെങ്കിലും ഫോണ്‍ മോഷണം പോയതും കൈക്കോടാലിയിലെ രക്തക്കറയും തലമുടിനാരും സംശയത്തിനു കാരണമായി. എട്ടു തുന്നലുകള്‍ വേണ്ടിവന്ന മുറിവ് മാരകമായിരുന്നുവെന്നും തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാലാണു ജീവന്‍ രക്ഷിക്കാനായതെന്നും സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലിന്‍ ദീപികയോട് പറഞ്ഞു. പാലാ പോലീസില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























