മരിച്ച ക്ലാര്‍ക്കിനു പ്രമോഷന്‍; ഒപ്പം സ്ഥലം മാറ്റവും.!

സീനിയര്‍ ക്ലാര്‍ക്കായിരിക്കെ മരിച്ചയാള്‍ക്ക് പഞ്ചായത്തു വകുപ്പ് അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി! കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്ത് ഓഫിസില്‍ യുഡി ക്ലാര്‍ക്കായിരിക്കെ രണ്ടു വര്‍ഷം മുന്‍പ് മരണമടഞ്ഞ ബി. മനോഹറിനാണു കാസര്‍കോട് ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ അക്കൗണ്ടന്റായി നിയമനം ലഭിച്ചത്.
കഴിഞ്ഞ 26-നു പഞ്ചായത്ത് ഡയറക്ടര്‍ സി.എ. ലത പുറത്തിറക്കിയ ഉത്തരവിലാണ് ഈ മറിമായം. 38 സീനിയര്‍ ക്ലാര്‍ക്കുമാരെ അക്കൗണ്ടന്റുമാരായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ 13-ാമത് മനോഹറിന്റെ പേരാണ്. ഏറാമല പഞ്ചായത്തില്‍ നിന്ന് ചെറുവത്തൂര്‍ പഞ്ചായത്തില്‍ എത്തി അക്കൗണ്ടന്റ് ജോലിയില്‍ പ്രവേശിക്കാനായിരുന്നു നിര്‍ദേശം. ഉത്തരവിന്റെ കോപ്പി ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും ലഭിച്ചു.
എന്നാല്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മനോഹര്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ ചുമതലയേല്‍ക്കാത്തതിനാല്‍ അധികൃതര്‍ ഏറാമല പഞ്ചായത്ത് ഓഫിസില്‍ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം രണ്ടു വര്‍ഷം മുന്‍പ് മരിച്ചുവെന്ന വിവരം ലഭിച്ചത്. ഏറാമലയില്‍ സീനിയര്‍ ക്ലാര്‍ക്കായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു വൈപ്പിരിശേരി മലോല്‍മുക്ക് സ്വദേശിയായ മനോഹറിന്റെ മരണം. ഇക്കാര്യം ഏറാമല പഞ്ചായത്ത് പ്രസിഡന്റായ ബേബി ബാലമ്പ്രത്തും സ്ഥിരീകരിച്ചു.
സര്‍വീസിലിരിക്കെ മരിച്ചയാള്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടം നേടിയത് എങ്ങനെയാണെന്ന് അധികൃതര്‍ക്കും നിശ്ചയമില്ല. ചെറുവത്തൂരില്‍ പുതിയ അക്കൗണ്ടന്റിനെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























