രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന പരാതിയില്‍ സെക്യൂരിറ്റി എസ്പിയ്ക്ക് സ്ഥലംമാറ്റം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന പരാതിയില്‍ സെക്യൂരിറ്റി എസ്പിയ്ക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.
വിഐപി സന്ദര്‍ശനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി എസ്പി എന്‍. വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. രാഷ്ട്രപതിയുടെ 4 ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു. അന്നു വൈകുന്നേരം ഭാര്യയുമൊത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി.
ക്ഷേത്രാചാരങ്ങളെക്കുറിച്ചും മറ്റും വിശദീകരിക്കാന്‍ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നേങ്കിലും ക്ഷേത്രം പ്രതിനിധികള്‍ വിശദീകരിക്കുന്നതിനിടെ എസ്പി ഇടപെട്ട് സംസാരിച്ചെന്നാണ് ആക്ഷേപം.
രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും എസ്പി വിശദീകരണം തുടര്‍ന്നു. പിന്നീട് രാഷ്ട്രപതി മറ്റൊരു മുറിയില്‍ വിശ്രമിച്ചപ്പോള്‍ എസ്പി അവിടെയെത്തിയും ക്ഷേത്രകാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്നു രാഷ്ട്രപതിക്കു തന്നെ പ്രതികരിക്കേണ്ടി വന്നുവെന്നാണ സൂചനകള്‍.
ഈ സംഭവം രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തിന് അലോസരമുണ്ടാക്കി. രാഷ്ട്രപതി ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയയ്ക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ സുരക്ഷാ വീഴ്ചയായി പരിഗണിക്കുമെന്നും ആവര്‍ത്തിക്കരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം. തുടര്‍ന്നാണു നടപടി.
https://www.facebook.com/Malayalivartha