നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കല്‍ വിജിലന്‍സ് കേസ്: ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി, റവന്യൂ വകുപ്പിലെ ഫയല്‍ വിളിച്ചു വരുത്തണമെന്ന ഹര്‍ജിയില്‍ 21ന് ഉത്തരവ്, രമേശ് ചെന്നിത്തലയുടെ മൊഴി വിജിലന്‍സ് കോടതി രേഖപ്പെടുത്തി, മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീരുമാനം ഉണ്ടായതെന്ന് മൊഴി, ഇ.പി.ജയരാജനും വി.എസ്. സുനില്‍കുമാറും മൊഴി നല്‍കാന്‍ കോടതി ഉത്തരവ്

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാന്‍ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തിരുവനന്തപുരം വിജിലന്‍സ് കോടതി കോടതി തള്ളി.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതിക്ക് നേരിട്ടോ അന്വേഷണ ഏജന്‍സി വഴിയോ റിട്ടയേഡ് പോലീസുദ്യോഗസ്ഥനെ കൊണ്ടോ അന്വേഷണം നടത്താന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
റവന്യൂ വകുപ്പിലെ ഫയല്‍ വിളിച്ചു വരുത്തണമെന്ന ഹര്‍ജിയില്‍ വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ 21ന് ഉത്തരവ് പുറപ്പെടുവിക്കും ഹര്‍ജിയില്‍ ഹര്‍ജിക്കാരനായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. സാക്ഷിപ്പട്ടികയിലെ ഒന്നും രണ്ടും സാക്ഷികളായ മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും വി.എസ്.സുനില്‍കുമാര്‍ മൊഴി നല്‍കാനായി ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് സാക്ഷികള്‍ ഹാജരാകാന്‍ ഉത്തരവിട്ടത്.
ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നല്‍കാവൂവെന്ന ബ്രൂവറി ചട്ടങ്ങള്‍ നിലനില്‍ക്കേ സര്‍ക്കാര്‍ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിന്‍ഫ്രാ പാര്‍ക്കിന്റെ 10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ തുടങ്ങാന്‍ സ്വകാര്യ ബ്രുവറി ഉടമകള്‍ക്ക് അനുമതി നല്‍കിയതായി രമേശ് ചെന്നിത്തല മൊഴി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അഴിമതി നടന്നത്. പാരിസ്ഥിതിക ആഘാത പീനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടി വെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതര്‍ ബ്രൂവറി കമ്പനികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം വന്‍ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ , എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായ സി.കെ.സുരേഷ്, നാരായണന്‍ കുട്ടി, ജേക്കബ് ജോണ്‍, എ.എസ്.രഞ്ജിത്
എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് ഹര്‍ജി.
സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാര്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി തേടി താന്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്.
മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഡാലോചന നടത്തിയാണ് അഴിമതിക്കരാര്‍ നല്‍കിയത്.
എറണാകുളം പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആന്റ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂര്‍ ശ്രീധരന്‍ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയത്.
ഇവരില്‍ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാര്‍ക്ക് സാധ്യതാ റിപ്പോര്‍ട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണര്‍മാര്‍ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഡാലോചന നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കി.
വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍പാര്‍ക്കിന്റെ 10 ഏക്കര്‍ ഭൂമി പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് നല്‍കാന്‍ 2018 സെപ്റ്റബര്‍ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha