ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടർ ഒന്നിന് ആയിരം രൂപയെന്ന ചരിത്ര റെക്കോർഡ് കടന്നിരിക്കുകയാണ്; അന്തർദേശീയ മാർക്കറ്റിൽ ഉണ്ടാവുന്ന വില വർദ്ധനവു മുഴുവൻ ഇന്ത്യയിലെ ഉപഭോക്താവിന്റെ ചുമലിൽ വന്നു പതിക്കുകയാണ്; മോദി സർക്കാരിന് ഇതിലും വലിയ ഉപഭോക്തൃവഞ്ചന നടത്താനാവില്ല; ഉയർന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തിൽ നിന്നു പിന്മാറുകയാണെന്ന് ഡോ. തോമസ് ഐസക്ക്

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടർ ഒന്നിന് ആയിരം രൂപയെന്ന ചരിത്ര റെക്കോർഡ് കടന്നിരിക്കുകയാണ്. ഉയർന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തിൽ നിന്നു പിന്മാറുകയാണെന്ന് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടർ ഒന്നിന് ആയിരം രൂപയെന്ന ചരിത്ര റെക്കോർഡ് കടന്നിരിക്കുകയാണ്.
ഉയർന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തിൽ നിന്നു പിന്മാറുകയാണ്. ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളും എൽപിജി കണക്ഷൻ ഉണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. പക്ഷെ 2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം 59 ശതമാനം കുടുംബങ്ങളേ പാചകവാതകം ഉപയോഗിക്കുന്നുള്ളൂ. ഗുണഭോക്തൃ വില സൂചികയിലെ കുതിപ്പിനു പിന്നിലെ ഒരു ഘടകം പാചകവാതക വില വർദ്ധനവാണ്.
എന്തുകൊണ്ട് ഈ വിലക്കയറ്റം? 2020 ഒക്ടോബർ മുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്തർദേശീയ വില വർദ്ധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഒരു മെട്രിക് ടണ്ണിന് 400 ഡോളറിൽ താഴെയായിരുന്ന ഗ്യാസിന്റെ വില ഇപ്പോൾ 910 ഡോളറായി ഉയർന്നിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പാചകവാതകത്തിനു സബ്സിഡി നൽകുന്നത്.
സർക്കാർ നിയന്ത്രിത വിലയ്ക്ക് പാചകവാതക സിലിണ്ടർ ഏജൻസികളിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാൽ ഇതുമാറ്റി ഉപഭോക്താക്കൾ കമ്പോളവിലയ്ക്ക് ഗ്യാസ് സിലണ്ടർ വാങ്ങുക. നിയന്ത്രിതവിലയും കമ്പോളവിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി നേരിട്ടു ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുക. ഇതാണ് ഇപ്പോൾ നിലവിലുള്ള സമ്പ്രദായം.
പതിവുപോലെ രണ്ടാം യുപിഎ സർക്കാരാണ് ഇതിനും തുടക്കംകുറിച്ചത്. 2013 ജൂൺ മാസത്തിൽ വീരപ്പമൊയ്ലി പാചകവാതകത്തിന്റെ വില നേരിട്ട് ഗുണഭോക്താവിനു നൽകുന്ന സ്കീം (DBTL) 20 ജില്ലകളിൽ ഉദ്ഘാടനം ചെയ്തു. 12 ഗ്യാസ് സിലിണ്ടറിനേ ഒരു വർഷം ഇങ്ങനെ സഹായം ലഭിക്കൂ. വാങ്ങുന്നമുറയ്ക്ക് സബ്സിഡി അക്കൗണ്ടിൽ എത്തും. ഗ്യാസിനു മാത്രമല്ല, റേഷനും വളത്തിനുമെല്ലാം ഇതേ സമ്പ്രദായം കൊണ്ടുവരാനായിരുന്നു ലക്ഷ്യമിട്ടത്.
ഇടതുപക്ഷം ഇതിനെ ശക്തമായി എതിർത്തു. കാരണം പ്രത്യക്ഷത്തിൽ വളരെ നല്ലതെന്നു തോന്നാമെങ്കിലും ക്രമേണ സബ്സിഡി ഇല്ലാതാക്കുന്നതിനുള്ള ഉപായമാണ് ഇത്. ലോകബാങ്ക് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടപ്പാക്കിയ DBTL സ്കീമുകളെല്ലാം പര്യവസാനിച്ചത് സബ്സിഡികൾ ഇല്ലാതാക്കുന്നതിലാണ്. മെക്സിക്കോയിൽ ആയിരുന്നു 1993-ൽ ആദ്യമായി ഈ പരീക്ഷണം നടത്തിയത്. ഇതു തന്നെയാണ് ഇന്ത്യയിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
മോദി സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാം യുപിഎ സർക്കാർ ആരംഭിച്ച സ്കീം ദേശവ്യാപകമാക്കി. കമ്പോളവിലയ്ക്ക് സിലിണ്ടർ വാങ്ങാൻ തുടങ്ങിയ ഉപഭോക്താക്കൾക്ക് ആദ്യം കൃത്യമായി സബ്സിഡി നൽകി. പിന്നീട് നൽകുന്നതിനു കാലതാമസം വരുത്തിത്തുടങ്ങി. അതിനിടയിൽ സബ്സിഡി വേണ്ടുവന്നു സ്വമേധയാ തീരുമാനിക്കാനുള്ള കാമ്പയിനും ആരംഭിച്ചു. ഇങ്ങനെ മിച്ചംവരുന്ന തുക ഗ്രാമങ്ങളിൽ പാവപ്പെട്ടവർക്കു സൗജന്യ കണക്ഷൻ നൽകാൻ ഉപയോഗിക്കും എന്നായിരുന്നു പ്രചാരണം.
ഇത്തരം പ്രചാരണ കോലാഹലങ്ങൾക്കിടയിൽ സബ്സിഡി നൽകുന്നത് അവസാനിപ്പിച്ചു. 2020 നവംബറിനു ശേഷം സബ്സിഡിയേ നൽകിയിട്ടില്ല. സബ്സിഡൈസ് പാചകവാതകത്തിന്റെ വിലയും പ്രഖ്യാപിക്കുന്നതു നിർത്തി. അങ്ങനെ ഇപ്പോൾ അന്തർദേശീയ മാർക്കറ്റിൽ ഉണ്ടാവുന്ന വില വർദ്ധവു മുഴുവൻ ഇന്ത്യയിലെ ഉപഭോക്താവിന്റെ ചുമലിൽ വന്നു പതിക്കുകയാണ്. മോദി സർക്കാരിന് ഇതിലും വലിയ ഉപഭോക്തൃവഞ്ചന നടത്താനാവില്ല.
https://www.facebook.com/Malayalivartha