ആക്രമിക്കപ്പെട്ട നടി പീഡനത്തിന്റെ മാത്രമല്ല നീതി ന്യായ സംവിധാനത്തിൻറെ ഇരയാണ്.. പൾസർ സുനി ആത്മപ്രചോദനത്തിനായി നടത്തിയ പീഡനമല്ല. പണത്തിന് വേണ്ടി ചെയ്തതാണ്. അത് പണം കൊടുത്ത് ചെയ്യിക്കാനുള്ള നീചമായ മനസ്, അതാണ് കേസിലെ ഏറ്റവും ഭയങ്കരമായതും ഞെട്ടിക്കുന്നതുമായ സംഭവം എന്ന് അഡ്വ ജയശങ്കർ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടാൻ വേണ്ടി ഒന്നടങ്കം ആളുകൾ സമരത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണ്. എന്നാലിപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എത്തുകയാണ് അഡ്വ ജയശങ്കർ. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ജസ്റ്റിസ് ഫോർ വുമണിന്റെ നേതൃത്വത്തിൽ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയശങ്കറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. നടി ആക്രമിക്കപ്പെട്ട കേസ് സൂര്യനെല്ലി, വിതുര, പന്തളം കേസുകൾ പോലെയല്ല. രണ്ട് വ്യത്യാസങ്ങളാണ് കേസിനുള്ളത്. ഒന്നിന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കുക എന്നതാണ്. ലോക ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. സൂര്യനെല്ലി കേസിലെ പ്രതി ധർമ്മരാജനെ സംബന്ധിച്ച് ഒരു പെൺകുട്ടിയെ സൗകര്യത്തിന് കിട്ടി പീഡിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ മറ്റുള്ളവർക്ക് വിറ്റു.
കേസിൽ ധർമ്മരാജന് അയാളുടേതായ ന്യായം പറയാനുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു ന്യായവുമില്ല'. 'പൾസർ സുനി ആത്മപ്രചോദനത്തിനായി നടത്തിയ പീഡനമല്ല. പണത്തിന് വേണ്ടി ചെയ്തതാണ്. അത് പണം കൊടുത്ത് ചെയ്യിക്കാനുള്ള നീചമായ മനസ്, അതാണ് കേസിലെ ഏറ്റവും ഭയങ്കരമായതും ഞെട്ടിക്കുന്നതുമായ സംഭവം. രണ്ടാമത്തെ കാര്യം ജഡ്ജി കൂറുമാറിയ കേസാണ്. സാക്ഷികൾ കൂറുമാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ പ്രോസിക്യൂട്ടർമാരും പണം വാങ്ങി കൂറുമാറും. പോലീസ് ഉദ്യോഗസ്ഥർ ഉഴപ്പുന്നത് കണ്ടിട്ടുണ്ട്'. 'ഇവിടെ ജഡ്ജ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വെറും ആക്ഷേപമായിരുന്നില്ല. കോടതിയിൽ വെച്ച് ജഡ്ജിയുടെ ഭാഗത്ത് നിന്ന് അനാവശ്യ ഇടപെടൽ ഉണ്ടായെന്ന് പിടി തോമസ് പറഞ്ഞിട്ടുണ്ട്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന നിലയിലാണ് ജഡ്ജി ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു'. 'മാത്രമല്ല സിനിമാ മേഖലയിൽ നിന്ന് വരുന്ന ആളുകളോട് അങ്ങേയറ്റം പരുഷമായതും അവഹേളനം നിറഞ്ഞതുമായ പരാമർശങ്ങൾ അവർ നടത്തി. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ എതിർഭാഗം അഭിഭാഷകർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ കേസിൽ അത് ജഡ്ജി ചോദിക്കുകയാണ്. പ്രതികൾക്കെതിരായ വരുന്ന മൊഴികൾ രേഖപ്പെടുത്താൻ വിസമ്മതിക്കുകയാണ്. നിങ്ങൾ പറയുന്നത് എഴുതാനല്ല ഞാനവിടെ ഇരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞതായി പിടി തോമസ് തന്നോട് പറഞ്ഞിട്ടുണ്ട്'. 'അന്ന് പ്രോസിക്യൂട്ടറായ സുരേഷ് ജഡ്ജിയുടെ പീഡനം കാരണം രാജിവെക്കാനൊരുങ്ങിയതാണ്. ഗോവിന്ദച്ചാമിക്ക് ശിക്ഷവാങ്ങിക്കൊടുത്ത പ്രോസിക്യൂട്ടറാണ് സുരേഷ്. അദ്ദേഹത്തോട് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി പിടി തോമസ് തന്നെ വിളിച്ചിരുന്നു. തുടർന്ന് സുരേഷിനെ ഞാൻ വിളിച്ചു. എന്നാൽ സുരേഷിന് പറയാനുണ്ടായിരുന്നത് പല തരത്തിലുള്ള ദുരനുഭവങ്ങളായിരുന്നു'. 'വിചാരണ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയപ്പോൾ ജഡ്ജിയെ മാറ്റും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.
യഥാർത്ഥത്തിൽ അത് വിചാരണ കോടതി ജഡ്ജിയുടെ ആത്മവിശ്വാസം ഉയർത്തി. അതൊരു അപകടം നിറഞ്ഞൊരു അവസ്ഥയാണ്. ഇതിന് പിന്നാലെ സുരേഷ് രാജിവെച്ച് പോയി,മറ്റൊരു പ്രോസിക്യൂട്ടർ വന്നു അദ്ദേഹവും രാജിവെച്ചു, മൂന്നാമതൊരു പ്രോസിക്യൂട്ടർ വരുന്നു, ഇതാണ് കേസിന്റെ അവസ്ഥ'. 'കോടതിയിൽ നിന്നും രേഖകൾ ചോർന്നു, ദൃശ്യങ്ങൾ ചോർന്നു? ഇതൊക്കെ എങ്ങനെയാണ് ചോരുന്നത്. കോടതി രേഖകൾ പ്രതിയുടെ വാട്സ് ആപ്പിലക്കാണ് എത്തിയത്. ജഡ്ജി തന്നെ കേസിൽ പ്രതിഭാഗം ചേർന്ന് നിൽക്കുകയാണ്. അതുകൊണ്ട് തന്നെ കേസിൽ എങ്ങനെയാണ് നീതി ലഭിക്കുക? ഇവിടെ മെഴുകുതിരിക്ക് പകരം വല്ല പന്തവും കത്തിച്ചാൽ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാകൂവെന്ന് പ്രതീക്ഷിക്കേണ്ടി വരും',ജയശങ്കർ പറഞ്ഞു. എങ്ങനയൊരു കേസ് അട്ടിമറിക്കാമെന്ന വിഷയത്തിൽ ഗവേഷണം നടത്താൻ കഴിയുന്ന കേസാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ എത്രമാത്രം ജീർണിച്ചിരിക്കുന്നു എന്നതിനെ കുറിച്ച് ഡോക്ടറേറ്റ് എടുക്കാൻ പറ്റിയ കേസുമാണിത്. ആക്രമിക്കപ്പെട്ട നടിയെ അതിജീവിതയെന്ന് ഞാൻ വിളിക്കില്ല. കാരണം അവർ ഇര തന്നെയാണ്. പീഡനത്തിന്റെ മാത്രമല്ല നീതി ന്യായ സംവിധാനത്തിൻറെ ഇരയാണ്. അതിനാൽ ഇരയ്ക്ക് നീതി കിട്ടുന്നതു വരെ നമ്മൾ ഉറച്ച് നിൽക്കുക തന്നെ വേണം.
https://www.facebook.com/Malayalivartha