കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്; വര്‍ഷങ്ങള്‍ക്കൊടുവില്‍ നിര്‍ണായക വിധി! പത്ത് പേര്‍ക്കെതിരെയുള്ള എന്‍ഐഎ കോടതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി..

ഏറെ കോളിളക്കം സൃഷ്ടിച്ച കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പേരുടെ ശിക്ഷ കോടതി ശരിവെച്ചു. ഹൈക്കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ കോടതി വെറുതെ വിട്ടു. അതേസമയം കേസില്‍ മറ്റുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷക്കും കോടതി വിധിച്ചു.
തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
2008ല്‍ നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നതാണ് കേസ്. നേരത്തെ 24പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
2013ല്‍ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ എന്‍ ഐ എ വിചാരണ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് അന്ന് ശിക്ഷ വിധിച്ചത്.
എന്‍ ഐ എ കോടതിയുടെ ഈ ശിക്ഷ ചോദ്യം ചെയ്താണ് 13 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍ഐഎയുടെ അപ്പീല്‍.
തീവ്രവാദം, രാജ്യദ്രോഹം, ലഷ്‌കറെ തൊയ്ബയുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കേരളത്തിനകത്തും പുറത്തും തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കോഴിക്കോട് സ്‌ഫോടന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ആളാണ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളായ തടിയന്റവിടെ നസീറും ഷഫാസും. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും ഇവര്‍ പ്രതികളാണ്. കളമശേരി ബസ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്.
എറണാകുളം സ്വദേശി വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്‍, മലപ്പുറം സ്വദേശി അബ്ദുള്‍ റഹീം, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ഫായീസ്, മുഹമ്മദ് ഫയാസ് എന്നിവര്‍ 2008 ഒക്ടോബര്‍ നാലിനും പത്തിനുമിടയിലാണ് കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മരിച്ച നാലുപേരെയും പാക്കിസ്ഥാന്‍ സ്വദേശി വാലി ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്ന രണ്ട് പേരെയും ഒഴിവാക്കി 18 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
https://www.facebook.com/Malayalivartha