സംഘടനയെ അപകീര്‍ത്തിപ്പെടുത്തി.... 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം വക്കീല്‍ നോട്ടിസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി അഡ്വ.അമീന്‍ ഹസ്സനാണ് നോട്ടിസ് അയച്ചത്.
വിവാദമായ വംശീയ പ്രസംഗത്തില്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പി സി ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണമെന്ന തരത്തിലായിരുന്നു പരാമര്‍ശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രസ്താവനയില്‍ പറഞ്ഞു.
ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ് തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊതുപരിപാടികളില്‍ പങ്കെടുത്തപ്പോഴും ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ പ്രസംഗം ആവര്‍ത്തിച്ചു
സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha