സിസ്റ്റര്‍ ജോസ് മരിയയുടെ മരണം തലയ്ക്കടിയേറ്റെന്ന് തെളിഞ്ഞു

ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ (81) മരണം തലയ്ക്കടിയേറ്റതിനെ തുടര്‍ന്നാണെന്നു റിപ്പോര്‍ട്ട്. തലയുടെ വലതുവശത്തേറ്റ അടിയാണു മരണകാരണമെന്നും തലയോട് ആഴത്തില്‍ പൊട്ടിയിട്ടുണ്ടെന്നും ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതി സതീഷ് ബാബു ചേറ്റുതോട് മഠത്തില്‍ കന്യാസ്ത്രീയുടെ തലയ്ക്കടിച്ചുവെന്നു മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണു മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചിരുന്ന മൃതദേഹം ഇന്നലെ 12 മണിയോടെയാണ് പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഡോ. ജിജു, ഡോ. നീതു എന്നിവര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
സയന്റിഫിക് വിദഗ്ധന്‍ ജിജിയും പങ്കെടുത്തു. എസ്പി സതീഷ് ബിനോ, ഡിവൈഎസ്പി സുനീഷ് ബാബു, സിഐമാരായ ബാബു സെബാസ്റ്റിയന്‍, സി.ജി. സനല്‍കുമാര്‍, ഇമ്മാനുവല്‍ പോള്‍, ബിനു കുമാര്‍, ടോമി സെബാസ്റ്റിയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ആര്‍ഡിഒ സി.കെ. പ്രകാശ് ഇന്‍ക്വസ്റ്റ് തയാറാക്കി. ഒന്നരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. വന്നുകൂടിയ ആളുകളില്‍ ആരേയും സെമിത്തേരിക്കുള്ളില്‍ കയറാന്‍ പൊലീസ് അനുവദിച്ചില്ല.
സിസ്റ്റര്‍ ജോസ് മരിയയെ ഏപ്രില്‍ 17നു പുലര്‍ച്ചെയാണു ചേറ്റുതോട് മഠത്തിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കു മുറിവേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്നു കരുതി മഠം അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ 18-നു പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ചേറ്റുതോട് മഠത്തില്‍ സതീഷ് ബാബുവുമായി എത്തി പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. സതീഷ് ബാബുവിന്റെ മനോനില ഇന്നു പരിശോധിക്കും. രാവിലെ ഒന്‍പതിനു മെഡിക്കല്‍ കോളജിലാണു പരിശോധന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























