കോണ്‍ക്രീറ്റ് തറ തുരന്ന് കവര്‍ച്ച നടത്തിയത് കള്ളപ്പേരില്‍ എത്തിയ കുടക് സ്വദേശി; ഇയാള്‍ കുടുങ്ങിയെന്നു സൂചന

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി കുടകില്‍ പൊലീസിന്റെ വലയിലായതായി സൂചന. മോഷണ മുതല്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മലയാളം സംസാരിക്കുന്ന കുടകു സ്വദേശിയെന്ന് ഉറപ്പിച്ചാണു പൊലീസ് ഇവിടെ എത്തിയത്. മറ്റൊരാളില്‍ നിന്ന് ഇയാളുടെ മൊബൈലിലേക്കു പോയ ഫോണ്‍കോളാണു പ്രതിയെ കുടുക്കിയതെന്നും വിവരമുണ്ട്.
ബാങ്കിന്റെ താഴത്തെ നിലയിലെ കടമുറികള്‍ വാടകയ്‌ക്കെടുത്തയാള്‍ തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചു. എന്നാല്‍, ഇയാള്‍ പരിസരവാസികളോടും കട ഉടമയോടും പറഞ്ഞ, ഇസ്മായില്‍ എന്ന പേര് വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അന്വേഷണ സംഘം.
കവര്‍ച്ചയ്ക്കുള്ള രണ്ടാം ശ്രമമാണ് വിജയത്തിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ശനിയാഴ്ച രാവിലെയായിരുന്നു കവര്‍ച്ച നടത്താനുള്ള ആദ്യശ്രമം. ഈ സമയം അലാം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ചു സംഘം പുറത്തേക്കു പോവുകയായിരുന്നുവെന്നാണ് നിഗമനം. തിരിച്ചെത്തി വീണ്ടും സ്‌ട്രോങ് മുറിയിലേക്കു കയറിയ മോഷ്ടാക്കള്‍ ആദ്യം തന്നെ അലാം നശിപ്പിക്കുകയായിരുന്നുവത്രെ. ആദ്യശ്രമം ഉപേക്ഷിച്ചു മടങ്ങിയപ്പോഴും ഗോള്‍ഡ് സേഫിന്റെ താക്കോല്‍ സംഘം കയ്യില്‍ തന്നെ സൂക്ഷിക്കയായിരുന്നു.
ശനിയാഴ്ച രാവിലെ, വിജയ ബാങ്കിനു തൊട്ടടുത്ത ഹൊസ്ദുര്‍ഗ് താലൂക്ക് ഗവ. എംപ്ലോയീസ് ഓഫിസിലെ ജീവനക്കാരന്‍ ചന്ദ്രനും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ പര്‍ദ ഹൗസിലെ സമീറും അലാം ശബ്ദം കേട്ടതായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ നടന്ന വിവാഹ നിശ്ചയത്തിനെത്തിയ കാറില്‍ നിന്നാവാം അലാമെന്നു കരുതി ഇവര്‍ പ്രതികരിച്ചിരുന്നില്ല. ആര്‍ക്കും സംശയം തോന്നിയിട്ടില്ലെന്ന് ഉറപ്പിച്ച ശേഷം, സംഘം തിരിച്ചെത്തിയെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ, ശനിയാഴ്ച രാവിലെ കടമുറിയില്‍ നിന്നു പുറത്തേക്കു പോകുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുണ്ടെങ്കിലും കവര്‍ച്ച മുതലുമായി ഇവര്‍ പുറത്തേക്കു കടന്നതെപ്പോള്‍ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നു. കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചക്കേസിലെ പ്രതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. ഈ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ നേരിട്ടല്ലെങ്കിലും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കൃത്യമായ ആസൂത്രണത്തിനൊടുവില്‍ മോഷണം നടത്തുന്ന രീതിയായിരുന്നു രാജധാനി കവര്‍ച്ചയിലേതും. സാഹചര്യങ്ങള്‍ ഒരുക്കി, മാസങ്ങള്‍ കാത്തിരുന്ന്, പരിസരവാസികളുടെ വിശ്വാസ്യത കൂടി നേടിയ ശേഷമാണ് വിജയ ബാങ്ക് ശാഖയില്‍ നിന്നു 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























