വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിചര്‍ച്ച പുരോഗമിക്കുന്നു, വിഎസിനെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ സിപിഎം, ഒന്നും അറിയാതെ കോണ്‍ഗ്രസ്

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ളശ മൂന്നാം മുന്നണി ചര്‍ച്ച സംസ്ഥാനത്ത് പുതിയ രാഷ്ടീയ സമവാകൃങ്ങള്‍ക്ക് ഇടയാക്കും. പിസി ജോര്‍ജ്ജും പിസി തോമസും മൂന്നാം മുന്നണി ചര്‍ച്ചയുടെ ഭാഗമായിക്കഴിഞ്ഞു. ഇവര്‍ വെള്ളാപ്പള്ളിയെ തങ്ങളുടെ നേതാവായി കാണാനും തയ്യാറാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നടക്കുന്ന ശ്രമം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ജാഗരൂകരാക്കിയിട്ടുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയുടെ നീക്കത്തെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. എന്നാല്‍ വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണി നീക്കത്തെ സിപിഎമ്മാണ് കൂടുതല്‍ ഭയക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് അവര്‍ വളരെ ഗൗരവത്തോടെ കാണണമെന്നാണ് ഇരുമുന്നണികളുടെയും നിലപാട്.സംസ്ഥാനത്ത് ശക്തമായ മൂന്നാം ചേരിക്കുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി നടേശനും പറഞ്ഞത്.
വി.എസ്. അച്യുതാനന്ദനെ മുന്‍നിറുത്തി രൂക്ഷമായ കടന്നാക്രമണം സി.പി.എം നടത്തുന്നത് വെള്ളാപ്പള്ളിയുടെ മൂന്നാംമുന്നണി നീക്കം മുന്നില്‍ കണ്ടാണ്.വി.എസിനോടുള്ള നീരസമെല്ലാം തത്കാലത്തേക്കെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് മറക്കേണ്ടി വരുന്നു. മൂന്നാം മുന്നണി നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന വെള്ളാപ്പള്ളിയെ വ്യക്തിപരമായി കടന്നാക്രമിച്ച് അദ്ദേഹത്തിന്റെ സ്വീകാര്യത തകര്‍ക്കുകയെന്ന തന്ത്രമാണ് സി.പി.എം പ്രയോഗിക്കുന്നത്. ഒപ്പം, സംഘപരിവാര്‍ കക്ഷികള്‍ സംവരണത്തിന് എതിരാണെന്ന പ്രചാരണവും ശക്തമാക്കുന്നു.എസ്.എന്‍.ഡി.പി യോഗത്തിന്റെ നീക്കത്തെ ചെറുക്കാന്‍ അതേ സമുദായത്തില്‍പ്പെടുന്ന വി.എസിനെ മുന്നില്‍ നിറുത്തുകയെന്ന പോംവഴിയെ സി.പി.എമ്മിന് മുന്നിലുള്ളൂ. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ ശക്തമായ പ്രതിരോധത്തിനാണ് തീരുമാനിച്ചത്. സംവരണ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി രൂപം നല്‍കിയിട്ടുള്ളത്. സംവരണസംരക്ഷണ സദസുകള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നതും പുതിയ മുന്നണി നീക്കത്തെ ചെറുക്കുന്നതിനാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ നീക്കം ഇടതുമുന്നണിയെയാവും മുഖ്യമായും ബാധിക്കുകയെന്ന് ആശ്വസിച്ചിരുന്ന യു.ഡി.എഫിനും അപകടത്തിന്റെ ചൂടേറ്റിട്ടുണ്ട്. ഈ നീക്കത്തെ ആസൂത്രിതമായി ചെറുക്കുകയെന്ന നിലയിലേക്ക് യു.ഡി.എഫ് ഇനിയും എത്തിയിട്ടില്ല. എങ്കിലും, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനാണ് ഇപ്പോള്‍ പ്രത്യാക്രമണത്തിന്റെ മുന്‍നിരയില്‍. യോഗ നേതൃത്വവുമായി ഏറ്റുമുട്ടിയ ട്രാക്ക് റെക്കാഡ് അദ്ദേഹത്തിനുണ്ട്. എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ഇന്നലെ ഇതിനെതിരെ രംഗത്തെത്തി. 6ന് എറണാകുളത്ത് യു.ഡി.എഫ് കണ്‍വെന്‍ഷനോടനുബന്ധിച്ച് ചേരുന്ന ഉന്നത നേതൃയോഗത്തില്‍ അടുത്ത തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും
പുതിയ രാഷ്ട്രീയ കക്ഷിക്ക് കേന്ദ്രത്തില്‍ മന്ത്രിപദം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കേരള നീക്കത്തെ എന്തു മാത്രം താത്പര്യത്തോടെയാണ് കാണുന്നതെന്നതിന് തെളിവാണ്. അത് മൂന്നാം മുന്നണി നീക്കത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക രണ്ട് മുന്നണികളുടെയും നേതൃത്വത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























