ഏതു ജോര്‍ജിയയിലേക്ക്... കൊച്ചി പോലീസിന് ഇരുട്ടടി നല്‍കി വിജയ് ബാബു മുങ്ങി; വിജയ് ബാബു കടന്നത് ഏതു ജോര്‍ജിയയിലേക്ക് എന്നറിയാതെ പോലീസ്; മുന്‍കൂര്‍ ജാമ്യം കിട്ടുന്നവരെ പൊങ്ങില്ല; എംബസികളുടെ സഹായം തേടി പോലീസ്

കൊച്ചി പൊലീസ് ഇതിലും വലിയ പുലിവാല്‍ പിടിച്ചിട്ടില്ല. പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ വിത്തിന്‍ 24 അവേഴ്‌സിനുള്ളില്‍ പൊക്കുമെന്ന് പറഞ്ഞിരുന്ന പൊലീസിന് ഒരു മാസമായിട്ടും ഒന്നും ചെയ്യാനായില്ല. പിന്നീട് ദുബായില്‍ നിന്നും പൊക്കുമെന്നു പറഞ്ഞു. ദുബായില്‍ പോകാന്‍ പോലും കഴിഞ്ഞില്ല. അതിനിടെ വിജയ് ബാബു ദുബായില്‍ നിന്നും മുങ്ങി.
അതേസമയം വിജയ് ബാബുവിനെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് വിദേശ എംബസികളുടെ സഹായം തേടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ച വിജയ് ബാബു രണ്ടു ദിവസം മുന്‍പു ജോര്‍ജിയയിലേക്കു കടന്നതായി ദുബായില്‍ നിന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ പോയതെന്നു വ്യക്തമല്ല.
ഇതില്‍ വ്യക്തത വരുത്താതെ കണ്ടുപിടിക്കാനും കഴിയില്ല. വിജയ് ബാബുവിന്റെ അടുത്ത ബന്ധു യുഎസിലെ ജോര്‍ജിയയില്‍ ഉണ്ട്. യുഎസ് സന്ദര്‍ശിക്കാനുള്ള വീസയും വിജയ് ബാബുവിന് ഉണ്ടായിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാജ്യം വിടാന്‍ കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടില്‍ എത്തിക്കാനാണു പൊലീസിന്റെ നീക്കം.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നത്.
പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാല്‍ ഇതിനിടയില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും. ഇതോടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാന്‍ കാത്തു നില്‍ക്കാന്‍ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്.
കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി അനുവദിച്ചാല്‍ മാത്രം നാട്ടിലെത്തിയാല്‍ മതിയെന്നാണു പ്രതിഭാഗത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ വിജയ്ബാബു നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്.
അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാന്‍ പൊലീസ് ബോധപൂര്‍വം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാവുന്നത്. ഇതിനിടയില്‍ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha