ഒരു പത്ത് ദിവസം കൂടി... പിസി ജോര്‍ജിനെ തെരഞ്ഞെടുപ്പിന് മുമ്പ് അകത്തിടണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമാകും; പി.സി.ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ 4 സിഡികള്‍ കോടതി നേരിട്ട് പരിശോധിക്കും; കോടതിയ്ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍ പിന്നെ രക്ഷയില്ല

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമാകും. കോടതി നേരിട്ടിടപെട്ടാണ് പിസി ജോര്‍ജിന്റെ പ്രസംഗം കേള്‍ക്കുന്നത്. പ്രസംഗത്തിന്റെ സിഡികള്‍ 23നു കോടതിയില്‍ മജിസ്‌ട്രേട്ട് പരിശോധിക്കും.
ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിനു തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച 4 സിഡികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (2) ഉത്തരവു നല്‍കി. ഇതിനുള്ള സജ്ജീകരണമൊരുക്കാന്‍ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടറോട് കോടതി നിര്‍ദേശിച്ചു. ജനാധിപത്യരാജ്യത്തു ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാന്‍ കഴിയില്ല. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതിനു ശേഷമാണ് പാലാരിവട്ടത്തെ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ജോര്‍ജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മതത്തെ ആക്ഷേപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചു പ്രസംഗിച്ചതിന്റെ പേരിലാണു രണ്ടാമതും കേസ് എടുത്തത്. ഇതിന്റെ തെളിവു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദ പ്രസംഗം. യുവജന സംഘടനകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്നു നന്ദാവനം എആര്‍ ക്യാംപില്‍ കൊണ്ടുവന്ന ശേഷം മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി. മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു. പൊലീസിന്റെ ഭാഗത്തെ വീഴ്ച കാരണമാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ സിഡികള്‍ തുറന്ന കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് കേസ് പരിഗണിക്കുന്നത്. സാമൂഹിക പ്രതിബന്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത് എന്നാണ് ജോര്‍ജ് ഇപ്പോഴും വാദിക്കുന്നത്.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍പി.സി.ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പരിഗണിക്കുന്നത് നേരത്തെ നീട്ടിവച്ചിരുന്നു. ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ടിരുന്നു. പി.സി.ജോര്‍ജ് തര്‍ക്ക ഹര്‍ജി നല്‍കിയതു പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്.
അനാവശ്യമായി സമയം ചോദിച്ച് ഹര്‍ജി നീട്ടുകയാണെന്നും എത്രയും വേഗം കേസ് തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൊലീസ് തന്നെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പി.സി. ജോര്‍ജിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചശേഷം അതു ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞത് പ്രോസിക്യൂഷന്‍ തെറ്റായി ചിത്രീകരിക്കുകയാണ്. കേസ് ബലപ്പെടുത്താന്‍ പൊലീസ് നടത്തുന്ന പരാക്രമണങ്ങളുടെ ഭാഗമായാണ് എറണാകുളത്തും കേസ് റജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്തായാലും തിങ്കളാഴ്ച പിസി ജോര്‍ജിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.
https://www.facebook.com/Malayalivartha