കള്ളുകുടിയന്മാർ നെഞ്ചിലേറ്റിയ ഷാപ്പ്; ആലുവ മംഗലപ്പുഴ പാലത്തിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത് 760 ലിറ്റര്‍ അനധികൃത സ്പിരിറ്റ്! ഇതോടൊപ്പം പിടിച്ചെടുത്തത് 350 ലിറ്റര്‍ വ്യാജക്കള്ള് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോണ്‍ പേസ്റ്റ്, കള്ളില്‍ മധുരം കിട്ടാന്‍ ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിന്‍ എന്നിവയും...

നല്ല അസ്സല് കള്ള്. കള്ളുകുടിയന്മാർക്കിടയിൽ ശ്രദ്ധ നേടിയ ഷാപ്പിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത് 760 ലിറ്റര്‍ അനധികൃത സ്പിരിറ്റ്. ആലുവ മംഗലപ്പുഴ പാലത്തിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്നുമാണ് ഇത്തരത്തിൽ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ 350 ലിറ്റര്‍ വ്യാജക്കള്ള് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോണ്‍ പേസ്റ്റ്, കള്ളില്‍ മധുരം കിട്ടാന്‍ ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിന്‍ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി. ഇവയെല്ലാം തന്നെ കള്ളുഷാപ്പിനകത്തെ ഭൂമിക്കടിയിലുള്ള രഹസ്യ ടാങ്കിലാണ് സൂക്ഷിച്ചിരുന്നത്.
ഇതിനുപിന്നാലെ കള്ളുഷാപ്പ് ജീവനക്കാരായ പറവൂര്‍ സ്വദേശികളായ പുളിപ്പറമ്പില്‍ അഭിഷേക് സലീന്ദ്രന്‍ (26), കോട്ടപ്പുറം ഊക്കന്‍ വീട്ടില്‍ വര്‍ഗീസ് (76) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കള്ളുഷാപ്പ് ലൈസന്‍സിയായ പറവൂര്‍ സ്വദേശി പി.കെ. സുനില്‍ നിലവിൽ ഒളിവിൽ കഴിയുകയാണ്.
അതേസമയം കള്ളുഷാപ്പ് ബിനാമികളും നടത്തിപ്പുകാരുമായ ആന്റണി, ജിബി, രാജീവ് എന്നിവരെപ്പറ്റിയും അന്വേഷണം നടന്നുവരുകയാണ്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ടി. അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കള്ളില്‍ ലഹരി വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ സ്പിരിറ്റ് സൂക്ഷിച്ച രീതിയാണ് എക്സൈസ് സംഘത്തെ ഏറെ ഞെട്ടിച്ചത്.
കൂടാതെ നാലുവശവും ഭിത്തികൊണ്ട് മറച്ച മുറിയില്‍ ഭൂമിക്കടിയിലാണ് ആയിരം ലിറ്ററിന്റെ പി.വി.സി. ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതില്‍ പൈപ്പ് ഉപയോഗിച്ച് സ്പിരിറ്റ് നിറയ്ക്കുകയും പുറത്തേയ്ക്ക് എടുക്കുകയുമാണ് ഇവർ ചെയ്തിരുന്നത്.
ഇവയ്‌ക്കൊപ്പം രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ടാങ്കിലെ സ്പിരിറ്റ് നീക്കങ്ങള്‍ നടത്തിയിരുന്നത്. മുറി ശ്രദ്ധയില്‍പെടാതിരിക്കാന്‍ ആക്രി സാധനങ്ങള്‍ നിറയ്ക്കുകയുണ്ടായി. വ്യാഴാഴ്ച രാത്രിയിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നത്. പിന്നാലെ രണ്ട് മണിക്കൂറെടുത്ത് ഭിത്തി പൊളിച്ച്, ആക്രി സാധനങ്ങള്‍ മാറ്റി, മണ്ണ് നീക്കം ചെയ്താണ് ടാങ്ക് കണ്ടെടുത്തിരുന്നത്. പ്രതികളെ ആലുവ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുണ്ടായി.
അതേസമയം കള്ളുകുടിയന്‍മാര്‍ക്കിടയില്‍ സമീപ കാലത്ത് ശ്രദ്ധ നേടിയ കള്ളുഷാപ്പാണ് ഇത്. കുടിക്കുന്ന കള്ളിന് രുചിയും 'കിക്കും' കൂടുതലായതിനാല്‍ തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്താറുമുണ്ട്. രാവിലെ ഷാപ്പ് തുറക്കുന്ന സമയത്ത് തന്നെ നിരവധി പേര്‍ ഇവിടെ കള്ളുകുടിക്കാനായി ഉണ്ടാകുകയും ചെയ്യും.
ആലുവയില്‍ മറ്റ് കള്ളുഷാപ്പുകള്‍ ഉണ്ടായിട്ടും ഇവിടെനിന്നു മാത്രം തലയ്ക്ക് പിടിക്കുന്ന കള്ള് കിട്ടുന്നതിന്റെ രഹസ്യം ആര്‍ക്കും തന്നെ പിടികിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നുണ്ടെന്ന വിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ചിരുന്നത്. ഇതേതുടര്‍ന്ന് എക്സൈസ് പരിശോധയ്ക്കായി എത്തി. ലഹരിക്കായി കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നത് മാത്രമല്ല, വ്യാജ കള്ള് നിര്‍മാണവും ഇവിടെ നടക്കുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തയിരുന്നു.
https://www.facebook.com/Malayalivartha