ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസ്; നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു; ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് തുറന്നുപറഞ്ഞു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്..

ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസ് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു. സംവിായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ താന്‍ ദിലീപിന്റെ ജാമ്യത്തിന് വേണ്ടി ഇടപെട്ടിട്ടില്ലെന്നും ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
ബിഷപ്പ് വിന്‍സന്റ് സാമുവല്‍ ഹാജരായത് കോട്ടയത്താണ്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചിരുന്നു. മുംബൈ എയര്‍ പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്.
ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെയും കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം അത് നിഷേധിച്ചിരുന്നു. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ബിഷപ്പിന് യാതൊരു അറിവും ഇല്ലെന്ന് നേരത്തെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.. പത്രക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്..
ഈ കേസിലെ പ്രതിയുമായോ, സിനിമാനടന്‍ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വിരുദ്ധമായ വാര്‍ത്തകളുമാണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം. ഇങ്ങനെയാണ് പത്രക്കുറിപ്പ് ഉണ്ടായിരുന്നത്.
ബാലചന്ദ്രകുമാറിനേയും ബിഷപ്പിനേയും കരുവാക്കിക്കൊണ്ടുള്ള ആരോപണമാണ് ഉയര്‍ന്നിരുന്നത്. അതായത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ട ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത് എന്നാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദങ്ങളെ തള്ളി ബാലചന്ദ്രകുമാറും രംഗത്തെത്തിയിരുന്നു.
വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനാണെന്നും സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. സംവിധായകന്‍ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നല്‍കിയതെന്നും കേസിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നെയ്യാറ്റിന്‍കര രൂപത ബിഷപ്പിന് വേണ്ടി പ്രതികരണവുമായി രംഗത്ത് വന്നത്.
ഈ വാദങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിരിക്കുന്നത്. എന്തായാലും ദിലീപിന് യാതൊരുവിധ സഹായവും ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha