കോട്ടയത്ത് വീണ്ടും 'ചില്ലറത്തട്ടിപ്പ്'; തിരുനക്കര ക്ഷേത്രത്തിന്റെ പേര് പറഞ്ഞ് അഞ്ഞൂറിൽ താഴെ രൂപയുടെ ചില്ലറ നൽകിയ ശേഷം 1700 രൂപ തട്ടിയെടുത്തു; പണം കയ്യിൽ കിട്ടിയതും തട്ടിപ്പുകാരൻ ഈ തുകയുമായി രക്ഷപ്പെട്ടു; ചില്ലറ തുട്ടുകൾ എണ്ണി നോക്കിയപ്പോൾ ഉണ്ടായിരുന്നത് വെറും 465 രൂപ

കോട്ടയം നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിലേതെന്ന പേരിൽ ചില്ലറയുമായി എത്തിയ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും തട്ടിപ്പുകാരൻ തട്ടിയെടുത്തത് 1700 രൂപ. വെള്ളിയാഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റ് റോഡിലെ കടയിൽ തട്ടിപ്പ് നടന്നത്. നീല ഷർട്ടും പാന്റും ധരിച്ചെത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നെന്ന പേരിലാണ് തട്ടിപ്പുകാരൻ കോട്ടയം മാർക്കറ്റിലെ എ.കെ.എം ട്രേഡേഴ്‌സിൽ എത്തിയത്. തുടർന്ന്, ഇവിടെ ജോലിയ്ക്കു നിന്ന ജോലിക്കാരിയോട് 1700 രൂപയ്ക്ക് ചില്ലറ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കയ്യിൽ കരുതിയിരുന്ന ചില്ലറ ഇവർ കടയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയ്ക്ക് കൈമാറി. 1700 രൂപയുടെ ചില്ലറ ഉണ്ടെന്ന് തട്ടിപ്പുകാരൻ അറിയിച്ചതോടെ ഇവർ 1700 രൂപയുടെ നോട്ട് തട്ടിപ്പുകാരനു കൈമാറി. പണം കയ്യിൽ കിട്ടിയതും തട്ടിപ്പുകാരൻ ഈ തുകയുമായി രക്ഷപ്പെടുകയായിരുന്നു. ഈ ചില്ലറ തുട്ടുകൾ എണ്ണി നോക്കിയതോടെയാണ് പണം 465 രൂപ മാത്രമാണ് കയ്യിലുണ്ടെന്നു കണ്ടെത്തിയത്.
ഇതേ തുടർന്ന് കട ഉടമകളെ വിവരം അറിയിച്ചിരുന്നു. എന്നാൽ, കടയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നു കണ്ടെത്തിയതിനാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. മുൻപും കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ മുൻപും സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. മുൻപ് അഞ്ഞൂറ് രൂപയുടെ ചില്ലറ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. മുൻപ് തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് ശ്രദ്ധിക്കണമെന്നും, തട്ടിപ്പുകാരനെ പിടികൂടണമെന്നും വ്യാപാരികൾ പൊലീസിനോടു ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha