പ്രതീക്ഷയുടെ പൊന്‍കിരണം... കാന്‍സര്‍ മഹാവ്യാധിയ്‌ക്കെതിരെ ആശ്വാസം നല്‍കുന്ന മരുന്ന് പരീക്ഷണം; പുതിയ മരുന്നിലൂടെ പരീക്ഷിച്ച 18 രോഗികള്‍ക്കും പൂര്‍ണസൗഖ്യം; എല്ലാവര്‍ക്കും സൗഖ്യം ലഭിക്കുന്നത് അര്‍ബുദ ചികിത്സാ രംഗത്ത് ആദ്യം; 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്ന് ലോകത്തെ മാറ്റി മറിയ്ക്കുമോ?

കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ വല്ലാത്തതാണ്. ഇതിനെ ചെറുക്കാന്‍ പലതരം പരീക്ഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. അതൊന്നും പൂര്‍ണ വിജയമായിരുന്നില്ല. ഇപ്പോഴിതാ പ്രതീക്ഷ നല്‍കുന്ന വലിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. കാന്‍സര്‍ രോഗത്തിനുള്ള മരുന്നില്‍ പൂര്‍ണ സൗഖ്യം. മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്നു പരീക്ഷിച്ചതാണ് വിജയം കണ്ടത്.
അര്‍ബുദ ചികിത്സാ രംഗത്ത് ആദ്യമാണ് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിക്കുന്നത്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം. നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അര്‍ബുദ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി.
അര്‍ബുദ വളര്‍ച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോള്‍ അര്‍ബുദ വളര്‍ച്ച പൂര്‍ണമായും ഇല്ലാതായി. അര്‍ബുദ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല താനും.
ഇത് ലോകത്തിന് വലിയ പ്രീക്ഷകളാണ് നല്‍കുന്നത്. ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ.ഡയസ് ജൂനിയര്‍ പറഞ്ഞു.
അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി. പ്രമുഖ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ കണ്ടുപിടിത്തം ഉറപ്പായും വലിയ മുന്നേറ്റമാണ്. എന്നാല്‍, കോശങ്ങളെ സമഗ്രവും സൂക്ഷ്മവുമായ മൈക്രോസ്‌കോപിക് പഠനത്തിനു (ഹിസ്‌റ്റോളജി) വിധേയമാക്കിയതിനു ശേഷമല്ല രോഗമുക്തി തീരുമാനിച്ചത് എന്നതു പോരായ്മയാണ്. മരുന്ന് ഉപയോഗിച്ചത് വളരെ കുറച്ചു രോഗികളിലാണ്. ദീര്‍ഘകാല പരിശോധനകളിലൂടെ മാത്രമേ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ടോയെന്ന് അറിയാനാകൂ എന്ന വാദവുമുണ്ട്.
ജീന്‍തലത്തില്‍നിന്നു തന്നെ രോഗം മാറുന്നുവെന്ന് ഉറപ്പാക്കുകയും കൂടുതല്‍ രോഗികളില്‍ ഫലവത്താകുകയും ചെയ്താല്‍ തീര്‍ച്ചയായും ഇതു നാഴികക്കല്ലാകും. യുവാക്കളില്‍ മലാശയ അര്‍ബുദം കൂടി വരുന്ന കേരളത്തില്‍ ഈ പഠനത്തിനു വളരെ പ്രസക്തിയുണ്ടെന്ന് പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്, യുഎസ് ഡോ. എം.വി.പിള്ള പറഞ്ഞു.
അടുത്തിടെ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഓങ്കോളിറ്റിക് വൈറസുകള്‍ പരീക്ഷണാര്‍ഥം ആദ്യമായി മനുഷ്യരില്‍ കുത്തിവച്ചിരുന്നു. അമേരിക്കയിലെ സിറ്റി ഓഫ് ഹോപ് അര്‍ബുദ ഗവേഷണ സ്ഥാപനത്തിലാണ് പരീക്ഷണം നടന്നത്. വാക്‌സീനിയ എന്ന വൈറസാണ് അര്‍ബുദ രോഗികളില്‍ പരീക്ഷിച്ചത്. മൃഗങ്ങളില്‍ ഈ വൈറസ് മുന്‍പ് പരീക്ഷിച്ച് വിജയം കണ്ടതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.
ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം, പാന്‍ക്രിയാറ്റിക് അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദ മുഴകളെ ചുരുക്കാന്‍ ഈ വൈറസുകള്‍ക്ക് ലാബ് പരീക്ഷണത്തിലും മൃഗങ്ങളിലെ പരീക്ഷണത്തിലും സാധിച്ചതായി സിറ്റി ഓഫ് ഹോപ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഓങ്കോളിറ്റിക് വൈറസുകള്‍ അര്‍ബുദ കോശങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അവയെ നശിപ്പിക്കാനും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമെന്ന് സിറ്റി ഓഫ് ഹോപ്പിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് തെറാപ്യൂട്ടിക്‌സ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാനെങ് ലി പറയുന്നു. മറ്റ് ഇമ്മ്യൂണോതെറാപ്പികളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കാന്‍ ഇവ ശരീരത്തെ സജ്ജമാക്കുമെന്നും ലി പറഞ്ഞു.
" f
https://www.facebook.com/Malayalivartha






















