പറഞ്ഞ തീയതിക്ക് മുമ്പേ പ്രസവവേദന, ആശുപത്രിയിലേക്ക് പുറപ്പെട്ട ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകി. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.പറഞ്ഞ തീയതിക്ക് മുമ്പേ പ്രസവവേദന അനുഭവപ്പെട്ട ദീപയുമായി ഭർത്താവ് കൃഷ്ണൻ ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
എന്നാൽ യാത്രാമധ്യേ ഗൂളിക്കടവിൽ വച്ച് ദീപ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഈ മാസം 27 നാണ് ദീപയ്ക്ക് പ്രസവത്തിന് തീയതി പറഞ്ഞിരുന്നത്. അമ്മയേയും കുഞ്ഞിനേയും പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരണപ്പെട്ടിരുന്നു. ഒസത്തിയൂരിലെ പവിത്ര - വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പവിത്ര പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഫ്ലൂയിഡ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha