തന്ത്രം മാറ്റുന്നു... കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ മോദി നേരിട്ടിറങ്ങും; ബിജെപിയുടെ സുപ്രധാന യോഗത്തിന് ഇന്ന് തുടക്കം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആക്ഷന്‍പ്ലാന്‍ ആവിഷ്‌കരിക്കും

കരുത്തരെന്ന് കരുതിയ പലരേയും വീഴ്ത്തി അധികാരം ഉറപ്പിച്ച പാര്‍ട്ടിയാണ് ബിജെപി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്തത്. അതിനായി ബിജെപി മുഖ്യമന്ത്രി സ്ഥാനം പോലും വേണ്ടെന്നു വച്ചു. അടുത്ത മോദിയുടെ നീക്കം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്. തെലങ്കാനയിലും കര്‍ണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
നിര്‍വ്വാഹക സമിതി യോഗത്തിന് മുമ്പായി മുതിര്‍ന്ന നേതാക്കള്‍ തെലങ്കാനയിലും കര്‍ണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
2024ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റ് ഉറപ്പാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനുകള്‍ യോഗത്തില്‍ ആവിഷ്‌കരിക്കും. തെരെഞ്ഞെടുപ്പുകള്‍ക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും.
അതേസമയം, കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 89 കാരനായ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദര്‍ സിങ്ങുമായി സംസാരിച്ചതായും സൂചനയുണ്ട്. കോണ്‍ഗ്രസിലെ രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷം രാജിവെച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദര്‍. പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍, നേതൃത്വം മൂന്ന് തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് ദില്ലിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി.
നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖറും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതേസമയം. അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായി തുടരുകയാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രണീത് കൗര്‍ മകള്‍ ജയ് ഇന്ദര്‍ കൗറിനെ ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബിജെപിയ്ക്ക് ഒരിക്കലും പിടികിട്ടാത്തതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പ്രത്യേകിച്ചും കേരളവും തമിഴ്‌നാടും എന്തൊക്കെ ചെയ്തിട്ടും വീഴുന്നില്ല. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായെങ്കില്‍ പോലും ഒരാളേയും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതുകൂടി മുന്നില്‍ കണ്ടായിരിക്കും ആക്ഷന്‍ പ്ലാന്‍.
"
https://www.facebook.com/Malayalivartha