എംഎം മണിയെ തൊഴിച്ച് സിപിഎം പിണറായിയെ മുന്നില്‍ നിര്‍ത്തിയിട്ടും രക്ഷയില്ല

കെ.കെ.രമയെ അധിക്ഷേപിച്ചുള്ള എം.എം.മണിയുടെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണ് സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍.
എം.എം.മണിയുടെ വാക്കുകള്‍ പല തരത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. മഹതി വിധവയായിപ്പോയി, അതവരുടെ വിധി എന്നീ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തുനിന്നുമാത്രമല്ല ഇടതുസഹയാത്രികരില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമുയരുന്നതിനിടയാക്കി. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങള്‍ നിശിത വിമര്‍ശനം ഉന്നയിച്ചു. ഒരാള്‍ പോലും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. കെ.കെ.രമക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി വിപരീതഫലമുണ്ടാക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.കെ.രമ തുടര്‍ച്ചയായി നിയമസഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നത് രമയെ ചര്‍ച്ചാകേന്ദ്രമാക്കി നിര്‍ത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് സെക്രട്ടേറിയറ്റിലുയര്‍ന്ന അഭിപ്രായം.
മണിയുടേത് സെല്‍ഫ് ഗോളായി പോയി എന്ന തരത്തില്‍ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ നീങ്ങിയില്ല. തുടര്‍ച്ചയായി ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത് ഭൂഷണമാണോ എന്നത് സ്വയം ചിന്തിക്കേണ്ടതാണ് എന്നാണ് നേതാക്കള്‍ പറയുന്നത്. സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എം.എം.മണിയെ തള്ളിപ്പറഞ്ഞുമില്ല. എന്നാല്‍ എം.എം.മണി പറഞ്ഞ വാക്കുകളെ സിപിഎം ന്യായീകരിക്കുന്നുണ്ടോ എന്നചോദ്യത്തിന് വിഷയം ചര്‍ച്ച ചെയ്തില്ലെന്നുപറഞ്ഞ് കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. അന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.എം.മണി പങ്കെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റ് ചേരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ വിവാദത്തിന് മാധ്യമങ്ങളോട് മറുപടിപറയുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha























