വയനാട് മേപ്പാടിയില്‍ ബേക്കറി ഉടമയുടെ ആത്മഹത്യ.... പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്, പരിശോധനയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വയനാട് മേപ്പാടിയില്‍ ബേക്കറി ഉടമയുടെ ആത്മഹത്യ.... പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്, പരിശോധനയില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
മേപ്പാടി ടൗണില്‍ പണം പലിശയ്ക്കു കടം കൊടുക്കുന്ന 7 പേരുടെ വീടുകളിലാണ് പൊലീസ് കഴിഞ്ഞദിവസം ഒരേ സമയം നടത്തിയ പരിശോധനയില്‍ 2 പേരെ അറസ്റ്റ് ചെയ്തത്. നെല്ലിമുണ്ട ഓര്‍ക്കാട്ടേരി ബാബു എന്ന ഹുമയൂണ്‍ കബീര്‍ (53), എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ (46) എന്നിവരാണ് അറസ്റ്റിലായത്.
ഹുമയൂണിന്റെ വീട്ടില്‍ നിന്ന് ബ്ലാങ്ക് ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, മുദ്രപത്രങ്ങള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ എന്നിവയും ശിവന്റെ വീട്ടില്‍ നിന്ന് ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്ക്, മുദ്രപ്പത്രങ്ങള്‍, 96,000 രൂപ എന്നിവയും പിടിച്ചെടുത്തു.
മേപ്പാടിയിലെ ബേക്കറി ഉടമ ലക്കിഹില്‍ മണക്കാംവീട്ടില്‍ ഷിജുവിന്റെ (36) ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
കഴിഞ്ഞ 12നു രാവിലെയാണു ഷിജുവിനെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഷിജു ലോക്ഡൗണില്‍ നഷ്ടം നേരിട്ടതോടെ കൊള്ളപലിശയ്ക്ക് പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തി . ഷിജു ആത്മഹത്യ ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ്, പണം നല്‍കിയവരില്‍ ഒരാള്‍ കടയില്‍ കയറി ഷിജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് കുടുംബം സിസിടിവി ദൃശ്യങ്ങള്‍ സഹിതം മേപ്പാടി പൊലീസിനു പരാതി നല്‍കി.
ഇതേത്തുടര്‍ന്നാണു പൊലീസ് നടപടികള്‍ ഊര്‍ജിതമാക്കിയത്. വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നു പൊലീസ്.
"
https://www.facebook.com/Malayalivartha