കാണാതായ മകനും തട്ടികൊണ്ടുപോയ ആളും പിതാവിന്റെ കണ്മുന്നിൽ പെട്ടതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ

പുത്തനത്താണിയിൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തിയത് നാടകീയ സംഭവങ്ങൾക്കൊടുവിൽ. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ബന്ധുക്കൾക്ക് തിരികെ കിട്ടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെയും കുട്ടിയേയും പിതാവ് കണ്ടതോടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കാസർകോട് ചെങ്കള വീട്ടിൽ അബ്ബാസിനെ (47) പോലീസ് അറസ്റ്റ് ചെയ്തു.
പെരുന്നാൾ അവധി കഴിഞ്ഞ് കുട്ടി താനൂരിലെ വീട്ടിൽ നിന്ന് ഓട്ടോയിൽ സ്കൂളിലേയ്ക്ക് പോയെങ്കിലും തിരിച്ചെത്താതായതോടെയാണ് പോലീസിൽ പരാതിയുമായി വീട്ടുകാർ സമീപിച്ചത്. കുട്ടി ട്രെയിനിൽ പോയിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പിതാവും ബന്ധുക്കളും കണ്ണൂർ മുതൽ തിരൂർവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതിനിടെ കുട്ടിയുടെ കയ്യിൽ പിടിച്ച് ഒരാൾ തിരക്കിട്ടു പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കൂടെയുള്ളത് മകനാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ അജ്‍ഞാതനെ തടഞ്ഞ് നിർത്തി എവിടേയ്ക്ക് പോകുന്നുവെന്ന് ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും അങ്ങോട്ടു പോകുന്നെന്നുമായിരുന്നു മറുപടി. സംഭവം അറിഞ്ഞ് എത്തിയ പോലീസ് കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊടുവള്ളിയിൽ പഠിച്ചപ്പോൾ പരിചയപ്പെട്ട സുഹൃത്തിന്റെ വീട്ടിൽ തങ്ങി തിരികെ കോഴിക്കോട്ട് നിന്ന് താനൂരിലേയ്ക്ക് വരുമ്പോഴാണ് അബ്ബാസ് കുട്ടിയെ തട്ടികൊണ്ട് പോയത്. ഇയാൾക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് എടുത്തു. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം മറ്റ് വകുപ്പുകൾ ചുമത്തുന്നത് തീരുമാനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha