വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഓടയിലേയ്ക്ക് തെറിച്ച് വീണ് അപകടം: തലയിലൂടെ സ്ലാബിന്‍റെ വശത്തെ കമ്പി തുളഞ്ഞ് കയറി വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി കൈകോർത്ത് നാട്

പത്തനംതിട്ട വള്ളിക്കോട്ട് ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി, മൂടിയില്ലാത്ത ഓടയിലേക്ക് വീണ് സാരമായി പരിക്കേറ്റ പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണനായി കൈകോർത്ത് നാട്. നിലവില്‍ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന യദുവിനായി നാട്ടുകാര്‍ ചികില്‍സാ നിധി രൂപീകരിച്ചു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസമാണ് യദു അപകടത്തിൽപ്പെടുന്നത്. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. അപകടം സംഭവിച്ച് അരമണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവാവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് നാട്ടിലെത്തിയത്.
നിശ്ചയം കഴിഞ്ഞാൽ ഉടനെ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലായിരുന്നു നിനച്ചിരിക്കാതെ എത്തിയ ഈ അപകടം. ചന്ദനപ്പള്ളി – കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയേറ്റർ ജംക്‌ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് ഇന്‍റര്‍ലോക്ക് പാകിയത്. ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ ഇന്റർലോക്കിൽ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഓടയിലേയ്ക്ക് തെറിച്ച് വീണ യദുവിന്റെ തലയിലൂടെ സ്ലാബിന്‍റെ വശത്തെ കമ്പി തുളച്ചു കയറുകയായിരുന്നു. തലയിലേറ്റ പരുക്കാണ് ഗുരുതരം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണ്.
വിദേശത്ത് ജോലിലഭിച്ചതിനെ തുടര്‍ന്ന് പോകാനിരിക്കെയാണ് അപകടമുണ്ടായത്. ചികില്‍സയ്ക്ക് ഭീമമായ തുക വേണ്ടിവന്നതോടെയാണ് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചികില്‍സാ നിധി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചന്ദനപ്പള്ളി – കോന്നി റോഡ് ഉപരോധിച്ചിരുന്നു. കലക്ടര്‍ എത്തി വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























