ഒടുവിൽ വാദി തന്നെ പ്രതിയും! വയനാട്ടിൽ ഗാന്ധി ചിത്രം തകർത്തതിന് രാഹുലിന്റെ പി.എ അടക്കം 4 കോണ്‍ഗ്രസുകാർ അകത്ത്!

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ. ആർ. രതീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഗാന്ധി ചിത്രത്തെ അപമാനിച്ചു എന്നാണ് കേസ്. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.
നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായ മറ്റ് കോൺഗ്രസ് പ്രവർത്തകർ. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്. ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ല. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള ദൃശ്യങ്ങളിൽ ഇത് പൊട്ടിയ നിലയിൽ തറയിൽ കിടക്കുകയായിരുന്നു. ഇതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണം അന്നേ ഉയർന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി എസ്പി റിപ്പോര്‍ട്ട് നൽകിയിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബഫർസോൺ വിഷയത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഗാന്ധി ചിത്രം തകർത്തത്.
അതേസമയം, സംഭവത്തിൽ അറസ്റ്റിലായ പഴ്സനൽ അസിസ്റ്റന്റ് (പിഎ) കെ.ആർ.രതീഷ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇത് കള്ളക്കേസാണെന്നും ആടിനെ പട്ടിയാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എംപിയുടെ പി.എ രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പ്രതികരണം. ഗാന്ധിചിത്രം തകർക്കാൻ പ്രേരിപ്പിച്ചവർ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha