ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്; എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്; ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്; പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും; നിർണ്ണായകമായ കുറിപ്പുമായി ഡോ. തോമസ് ഐസക്ക്

ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും എന്ന നിർണ്ണായക കാര്യം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജിഡിപിയുടെ മൊത്തം തുകയെടുത്താൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാൽ ആളോഹരി വരുമാനം എടുത്താൽ ഇന്ത്യയുടെ സ്ഥാനം 142-ാമതാണ്. ഈ വിരോധാഭാസത്തിനു നൽകിയ വിശദീകരണം പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാർത്ഥ്യമാണ് 142-ാം സ്ഥാനവും. മേൽപ്പറഞ്ഞതു ശരിയാണെങ്കിലും മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്.
ഇതു പരിഗണിച്ച് ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുക. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി ഭാവിയിൽ വളരും. എന്നാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് മോദിയുടെ നയങ്ങൾ പര്യാപ്തമല്ലായെന്നത് കണക്കുകൾ പരിശോധിച്ചാൽ കാണാം. കൊളോണിയൽ കാലത്ത് ഇന്ത്യ ശരാശരി പ്രതിവർഷം ഏതാണ്ട് ഒരു ശതമാനം വീതമാണ് സാമ്പത്തിക വളർച്ച നേടിയത്.
സ്വാതന്ത്ര്യാനന്തര കാലത്ത് അഭ്യന്തര കമ്പോളത്തെ ആസ്പദമാക്കിയുള്ള മിശ്ര സമ്പദ് വ്യവസ്ഥ നയം സ്വീകരിച്ചതിന്റെ ഫലമായി നമ്മുടെ സാമ്പത്തിക വളർച്ച 3.5 ശതമാനമായി ഉയർന്നു. പിന്നെയും ഗതിവേഗം വർദ്ധിപ്പിക്കുന്നതിനാണ് 1980-കളിൽ കയറ്റുമതിയോന്മുഖ വികസന തന്ത്രം ആവിഷ്കരിച്ചത്. ആ ദശകത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനമായി ഉയർന്നു. 1991 മുതൽ പഴയനയങ്ങൾ പാടേ ഉപേക്ഷിച്ച് കമ്പോള വികസന മാതൃക സ്വീകരിച്ചു. ഇതിന്റെ ഫലമായി ശരാശരി വളർച്ച 7.5 ശതമാനമായി ഉയർന്നു.
എന്നാൽ മോദിയുടെ 8 വർഷക്കാല ഭരണം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെ കൊടുത്തിരിക്കുന്ന ഗ്രാഫിൽ കൃത്യമായി കാണാം. 2016-17-ൽ സാമ്പത്തിക വളർച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ അത് 7.0%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി. അങ്ങനെ കോവിഡിനു മുന്നേ ശരാശരി സാമ്പത്തിക വളർച്ച 4 ശതമാനമായി താഴ്ന്നു കഴിഞ്ഞിരുന്നു.
മോദിയുടെ ആദ്യ ആറ് വർഷത്തെ ശരാശരി സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. 1991-നുശേഷം ഉണ്ടായ 7.5 ശതമാന വളർച്ചയേക്കാൾ താഴ്ന്നത്. കോവിഡ് പകർച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ സംഭാവന കുറച്ചു കാണാനാവില്ല. കോവിഡിനു ശേഷം സ്വാഭാവികമായി -8 ശതമാനത്തിൽ നിന്നും വളർച്ച 8.7% ആയി 2021-22-ൽ ഉയർന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാൾ അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്.
ഈ വീണ്ടെടുപ്പാവട്ടെ ഇപ്പോൾ വീണ്ടും പ്രശ്നങ്ങളെ നേരിടുകയാണ്. പുതിയ കാലഘട്ടത്തിൽ സാമ്പത്തികവളർച്ചയുടെ മുഖ്യദൗർബല്യം അതിന്റെ നേട്ടങ്ങളുടെ നീതിപൂർവ്വമായ വിഹിതം ജനങ്ങൾക്കു ലഭിക്കുന്നില്ലായെന്നുള്ളതാണ്. തൊഴിലവസരങ്ങൾ കുറയുന്നു. തൊഴിലില്ലായ്മ ഉയർന്നു. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യക്ഷേമ സൗകര്യങ്ങളെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണു മെച്ചപ്പെടുന്നത്.
ഇതുമൂലം ഇന്ത്യയേക്കാൾ വളരെ താഴ്ന്ന വരുമാന വളർച്ചയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, ജൻഡർ വ്യത്യാസം, മാനവവിഭവശേഷി തുടങ്ങി എല്ലാം ആഗോള സൂചികകളിലും ഇന്ത്യയുടെ സ്ഥാനം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അയൽപക്ക രാജ്യങ്ങളേക്കാൾ മോശമാണ് വികസന സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം. മോദി ഭരണത്തിനുകീഴിൽ ഒരൊറ്റ ആഗോള വികസന സൂചികയിൽപ്പോലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. മോദി അധികാരത്തിൽ വന്ന 2014-നും അതിനുശേഷം കണക്ക് ലഭ്യമായ ഏറ്റവും അവസാന വർഷത്തെയും ചില പ്രധാന വികസന സൂചികകളിൽ ഇന്ത്യയുടെ റാങ്കിലുണ്ടായ ഇടിവ് നോക്കൂ.
https://www.facebook.com/Malayalivartha
























