ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...

പുനലൂർ ആളുകേറാമലയിലെ കൊലപാതകക്കേസിൽ കേരള പോലീസിനെപ്പോലും ഞെട്ടിക്കുന്ന വഴിത്തിരിവ്. മാസങ്ങളായി പോലീസ് തിരഞ്ഞുകൊണ്ടിരുന്ന കൊലയാളി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. നൂറനാട് സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇനി അജ്ഞാതനായ യഥാർത്ഥ കൊലയാളിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 22-നായിരുന്നു പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. കൊലയാളി ആരെന്നോ കൊല്ലപ്പെട്ടതാരെന്നോ അറിയാതെ കുഴങ്ങിയ പോലീസിന് സിസിടിവി ദൃശ്യങ്ങളാണ് അന്ന് തുമ്പുണ്ടാക്കിയത്. കന്നാസും ബാഗുമായി പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ, ഇയാളാണ് കൊലയാളിയെന്ന് പോലീസ് ഉറപ്പിച്ചു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ എന്ന അനിക്കുട്ടനായിരുന്നു ആ ദൃശ്യങ്ങളിലുണ്ടായിരുന്നത്.
തുടർന്ന് അനിൽകുമാറിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വരെ വ്യാപിപ്പിക്കുകയും ചെയ്തു. എന്നാൽ അനിൽകുമാറിന്റെ മാതാപിതാക്കളുടെ ഡിഎൻഎ സാമ്പിളുകൾ മൃതദേഹവുമായി ഒത്തുനോക്കിയപ്പോൾ ലഭിച്ച ഫലം പോലീസിനെ ഞെട്ടിക്കുന്നതായിരുന്നു. കൊല്ലപ്പെട്ടത് പോലീസ് തിരഞ്ഞുകൊണ്ടിരുന്ന അതേ അനിൽകുമാർ തന്നെയാണെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു.
കൊലയാളി എന്ന് കരുതിയ ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണം ഇപ്പോൾ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് പോലീസ്. ആരാണ് അനിൽകുമാറിനെ ക്രൂരമായി കൊലപ്പെടുത്തിയത്? എന്തിനായിരുന്നു ആ ചങ്ങല കൊണ്ട് ബന്ധിച്ചുള്ള കൊലപാതകം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള അന്വേഷണം പുനലൂർ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























