ഇപ്പോൾ ഇവൻ എന്ത് അഭിനയിക്കാൻ വരുവാ? ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു; അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞ് വിട്ടത്.... ഇവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം:- ലക്ഷ്മിയുടെ ആത്മഹത്യയിൽ ഭർത്താവിനും, കുടുംബത്തിനും നേരെ പ്രതിഷേധവുമായി നാട്ടുകാർ

വിദേശത്ത് നിന്ന് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. ചടയമംഗലം അക്കോണത്താണ് ഭര്‍തൃ വീട്ടില്‍ യുവതി തൂങ്ങി മരിച്ചത്. അടൂർ പഴകുളം സ്വദേശിനിയായ ലക്ഷ്‌മിപിള്ല (24) ആണ് ആത്മഹത്യ ചെയ്തത്. ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെയാണ് ഭർത്താവ് വീട്ടിൽ എത്തിയതും, തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ ഭാര്യയെ കാണുന്നതും. അക്കോണം സ്വദേശിയായ ഹരി എസ് കൃഷ്ണന്‍ (കിഷോര്‍ ) ചൊവ്വാഴ്ച രാവിലെ 11 മണിയോട് കൂടി കുവൈത്തിൽ നിന്നും എത്തുകയായിരുന്നു.
ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങുകയായിരുന്നു. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി. കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. 1 മണിയോടെ വീട്ടിലെത്തിയ കിഷോർ ഭാര്യയെ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടർന്ന് വീടിനകത്തേയ്ക്ക് പ്രവേശിച്ചെങ്കിലും കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ ലക്ഷ്‌മി തൂങ്ങി നിൽക്കുകയായിരുന്നു.
ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. ലക്ഷ്മിയുടെ മൃതദേഹം പഴകുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭർതൃവീട്ടുകാർ എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
"ഭർതൃവീട്ടുകാർ ആരും ആശുപത്രിയിൽ എത്തിയില്ല. ഇപ്പോൾ ഇവൻ (ഭർത്താവ്) എന്ത് അഭിനയിക്കാൻ വരുവാ. എന്തോ കാണാൻ വന്നതാ. ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു. അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞുവിട്ടത്. അവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം. ചെരുപ്പൂരി അടിക്കണം"- എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ. അതേ സമയം മൃതദേഹം പഴകുളത്തെ വീട്ടിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha