കെഎസ്ആര്‍ടിസിയിലെ അക്രമിയെ പിരിച്ചുവിടും ആണൊരുത്തന്‍ ഇറങ്ങി എംഡിയായാല്‍ ഇങ്ങനെ വേണം

കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സെഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ഥിനിയെയും പിതാവിനെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ധിച്ച സംഭവത്തില്‍ നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുങ്ങിയത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മര്‍ദ്ധനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ. അക്രമിയെ സസ്‌പെന്റ് ചെയ്താല്‍ മാത്രം പോര ജോലിയില്‍ നിന്ന് എന്നെന്നേയ്ക്കുമായി പറഞ്ഞുവിടുകയാണ് വേണ്ടത് എന്ന ആവശ്യം ഉയര്‍ന്നു. പലരും ഇത് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകറിന്റെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് പലരും ഈ ആവശ്യം അദ്ദേഹത്തെ വളരെ പ്രാധാന്യത്തോടെ തന്നെ ഏല്‍പ്പിച്ചത്. ഇതോടെയാണ് അക്രമിയെ പിരിച്ചുവിടും എന്ന സൂചന നല്‍കി ബിജു പ്രഭാകര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാനപ്രശ്‌നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്നാണ് എം.ഡി. ബിജുപ്രഭാകര്‍ ഐ.എ.എസ് പറയുന്നത്. അക്രമത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവും ഇതുതന്നെയാണ് പറഞ്ഞത്. ഇങ്ങനെയൊക്കെയുള്ളവരാണ് കെഎസ്ആര്‍ടിസിയുടെ ശാപമെന്ന്. എന്തായാലും ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നുമാണ് അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും സര്‍ക്കാരിന്റേയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥിനിക്കും പിതാവിനും നേരെയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ മാപ്പഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നത്തിന് പിതാവിനോടും പെണ്‍കുട്ടിയോടും സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പൂര്‍ണ്ണ രൂപം
തിരുത്തുവാന്‍ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല.
പ്രിയപ്പെട്ടവരെ,
തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022ല്‍ കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്. പ്രസ്തുത സംഭവത്തില്‍ ഞാന്‍ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആര്‍.ടി.സി. എന്ന മഹാ പ്രസ്ഥാനത്തില്‍. കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നു പോന്നിരുന്നു.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വെച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ. ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം നമുക്കേവര്‍ക്കും ഉണ്ടാകേണ്ടതാണ്, എന്നാല്‍ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെ.എസ്.ആര്‍.ടി.സിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
നിങ്ങളുടെ സ്വന്തം
ബിജുപ്രഭാകര്‍ ഐ. എ. എസ്
സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട് & ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി.
https://www.facebook.com/Malayalivartha