വിഴിഞ്ഞത്ത് ഗവർണർ പറന്നിറങ്ങി.... മോദിയുടെ ശ്രദ്ധ കേരളത്തിൽ.... സർക്കാരിന്റെ പരിപ്പിളക്കാൻ കേന്ദ്രം... ലോകായുക്തയും ഗവർണറും പിണറായിയെ തീർക്കും?

സർക്കാരിനെ ഏതുവിധേനയും മുട്ടുകുത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നേരിട്ട് വിളിച്ചുകൂട്ടി സർക്കാരിനെ മുൾമുനയിൽ നിർത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ രാജ് ഭവനിലെത്തിയ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു. പക്ഷേ സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു.
ഈ വിഷയത്തിൽ അങ്ങേയറ്റം നീരസത്തോടെ മുഖ്യമന്ത്രിയും സിപിഎമ്മും നിൽക്കുമ്പോഴാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരെയുള്ള സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ വീണ്ടും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ അദ്ദേഹം ചര്‍ച്ച നടത്തി എന്നാണ് അറിയാൻ കഴിയുന്നത്. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് 12.15 ന് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തിയത്.
സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും അത് ഫലം കണ്ടിരുന്നില്ല. അതിനിടെ, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലത്തീന്‍ അതിരൂപതയുടെ ഭാഗത്തുനിന്ന് പലപ്പോഴായി ഉണ്ടായത്. അതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍.
തുറമുഖ നിർമാണത്തിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഗവർണർക്കു നിവേദനം നൽകി. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യവും ഗവർണർ അനുഭാവപൂർവം പരിഗണിച്ചതായി യൂജിൻ പെരേര പറഞ്ഞു.
ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സമയം അനുവദിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്തരം ഒരു നീക്കമെന്നതും ഏറെ ശ്രദ്ധേയമാണ്.
ഫാ. യൂജിന്‍ പെരേരയടക്കം മൂന്നു പേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ ആകുന്നതെല്ലാം ചെയ്യാമെന്നും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്നും ഗവർണർ അറിയിച്ചു. ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയശേഷം സമരസമിതിയുമായി വീണ്ടും ചർച്ച നടത്താമെന്നാണു ഗവർണർ അറിയിച്ചിരിക്കുന്നത്.
തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഏറ്റവും ഒടുവിൽ ഹൈക്കോടതി പോലും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇന്ന് 37–ാം ദിവസത്തിലേക്കു കടക്കുകയാണ്. ഇന്ന് രണ്ടാംഘട്ട ഉപവാസ സമരത്തിൽ പൂവാർ ഇടവകയിൽനിന്നുള്ള അംഗങ്ങളാണു പങ്കെടുക്കുന്നത്. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖനിർമാണമെന്നാണു സമരസമിതിയുടെ ആരോപണം. തുറമുഖ നിർമാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കണമെന്നാണു സമര സമിതിയുടെ പ്രധാന ആവശ്യം.
അതേസമയം, വിശദമായി പരിശോധിച്ചുറപ്പിക്കാതെ ലോകായുക്താ ബില്ലില്‍ ഒപ്പിടില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നിൽക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്താ ബില്ലുകള്‍ കൂടാതെ നാല് ബില്ലുകളില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയച്ചു. എന്നാല്‍ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.
വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളില്‍ മാത്രമാണ് ഗവര്‍ണര്‍ നിലവില്‍ ഒപ്പുവെച്ചത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ഇതില്‍ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ വിശദീകരണം നല്‍കാത്ത നാല് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാടുകളാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. ഇതിനെതിരെ സര്‍ക്കാരിനുള്ളില്‍ പ്രതിഷേധങ്ങളും ഉടലെടുത്തിട്ടുണ്ട്. കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദ്ദേശവും ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയതിനു പിന്നാലെയാണ് വ്യക്തത വരുത്താത്ത ബില്ലില്‍ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























