തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അടുത്തമാസം പകുതിയോടെ സാക്ഷി വിസ്താരം തുടങ്ങാന്‍ പ്രോസിക്യൂഷന്‍ നീക്കം.... വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും സമയക്രമവും കോടതിക്ക് കൈമാറി

തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ഒക്ടോബര്‍ പകുതിയോടെ സാക്ഷി വിസ്താരം തുടങ്ങാന്‍ പ്രോസിക്യൂഷന്‍ നീക്കം. വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും സമയക്രമവും കോടതിക്ക് കൈമാറി.
കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനായി സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് ഇരുപത്തിയെട്ടിലേക്ക് മാറ്റിവെച്ചു.
കേസിലെ പ്രതി അരുണ്‍ ആനന്ദ് ഇതുവരെ ഓണ്‍ലൈനായാണ് ഹാജരായിരുന്നത്. നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞ തവണ തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നിക്‌സന്‍ എം ജോസഫ് ഉത്തരവിട്ടിരുന്നു.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനാണ് പ്രതിയെ ഹാജരാക്കാനായി കോടതി നിര്‍ദേശിച്ചിരുന്നത്. മറ്റൊരു കേസില്‍ ശിക്ഷിച്ച് പൂജപ്പുര ജയിലില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ രാവിലെ തന്നെ കോടതിയിലെത്തിച്ചു. കേസില്‍ അരുണിന് ജാമ്യം നല്‍കണമെന്ന അപേക്ഷയാണ് ആദ്യം പരിഗണിച്ചത്. നല്‍കാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടിയില്‍ ആക്ഷേപം സമര്‍പ്പിക്കാനായി സമയം ചോദിച്ചു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
ഇതിനിടെ സാക്ഷി വിസ്താരം നവംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതിനായി വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും തിയതിയും കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറി. നേരത്തെ പ്രതി അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഈ സമയ പരിധി അവസാനിക്കാനായി ഇനി രണ്ടുമാസം മാത്രമാണ് ശേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha