തെറി വിളിക്കാത്ത മാനവർ ഭൂമിയിലുണ്ടോ എന്ന തീർത്തും നിഷ്കു നരേഷൻസുമായി ഈ വിഷയത്തെ സമീപിക്കുന്ന ഒരു പാട് പേരെ കണ്ടു; തെറി വിളിക്കാത്തവർ ഭൂമിയിൽ വിരളമെങ്കിലും ഒരു പ്രകോപനവുമില്ലാതെ പച്ചയ്ക്ക് ഒരാളുടെ മുഖത്ത് നോക്കി ഒരു റേഡിയോ പ്രോഗ്രാമിനിടയിൽ പച്ചയ്ക്ക് തെറി വിളിക്കാൻ ധൈര്യമുള്ള സെലിബ്രിറ്റി ഇയാളെ കാണൂ! വെളുപ്പിക്കൽ ഇൻ്റർവ്യൂ പ്രകാരം വളരെയധികം മാനസിക സംഘർഷത്തിലൂടെ കടന്നുപോയപ്പോൾ സംഭവിച്ച കൈപ്പിഴയാണത്രേ ആ തെറിവിളി; വായില്‍ തോന്നുന്നത് കോതക്ക് പാട്ട്' എന്ന രീതി ഒരു കലാകാരന് ചേർന്നതല്ല; അഞ്ജു പാർവതി

അവതാരകയുമായിട്ടുള്ള പ്രശ്നത്തിൽ ശ്രീനാഥ് ഭാസി ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അതിനെ വിമർശിച്ച് അഞ്ജു പാർവതി ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; Defensive strategy when caught redhanded എന്നു മാത്രമേ നികേഷ് കുമാറുമായുള്ള ശ്രീനാഥ് ഭാസിയുടെ ഇന്നത്തെ ഇൻ്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയുള്ളൂ. ഇന്നലെ വരെ ഈ വിഷയത്തെ പ്രതി പ്രതികരിക്കാതെ വായിൽ പഴം തിരുകി വച്ചിരുന്ന പല പ്രമുഖരും മാളത്തിൽ നിന്നും മെല്ലെ പൊറുക്കൽ നീതിയുമായി ഇന്ന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്താല്ലേ!
ശ്രീനാഥ് ഭാസിയെന്ന നടനെ ഒത്തിരി ഇഷ്ടമാണ്. ജേക്കബിൻ്റെ സ്വർഗ്ഗരാജ്യത്തിലെ ജെറിയിൽ നിന്നും തുടങ്ങിയ ഇഷ്ടം ഒടുക്കം ഹോം സിനിമയിലെ 'ആൻ്റണി ഒളിവറിൽ വരെ വന്നു നില്ക്കുന്നു. അതവിടെ നില്ക്കട്ടെ. നല്ലൊരു നടനിൽ നിന്നും നല്ലൊരു വ്യക്തിയിലേയ്ക്ക് ഏറെ ദൂരമുണ്ടെന്ന് വെളിവാക്കി തന്ന സംഭവമാണ് വീണയോടും RJ വിവേകിനോടുമുള്ള അയാളുടെ പെരുമാറ്റം. വെളുപ്പിക്കൽ ഇൻ്റർവ്യൂ പ്രകാരം വളരെയധികം മാനസിക സംഘർഷത്തിലൂടെ കടന്നുപോയപ്പോൾ സംഭവിച്ച കൈപ്പിഴയാണത്രേ ആ തെറിവിളി.
അങ്ങനെയെങ്കിൽ അതിനേക്കാൾ വലിയ ട്രോമ അനുഭവിച്ചുകൊണ്ടായിരിക്കുമല്ലോ നികേഷിനു മുന്നിൽ ശ്രീനാഥ് ഇരിക്കുന്നത്. എന്നിട്ട് എന്തേ വിനീത വിധേയനായി ഇരിക്കുന്നു? അതിലുണ്ട് ശ്രീനാഥിൻ്റെ tactics. വീണയോടുള്ളതിനേക്കാൾ മോശമായ ഒന്നായിരുന്നു റെഡ് എഫ്.എം കാർപ്പറ്റിൽ ആ RJയോട് കാട്ടിയത്. ആ പെരുമാറ്റമങ്ങനെ മുഴച്ചു നില്ക്കുമ്പോൾ പിറ്റേ ദിവസത്തെ നികേഷ് കുമാർ വെളുപ്പിക്കൽ ഇൻ്റർവ്യൂ കൊണ്ടുവന്ന് അതിനെ ഒളിപ്പിക്കുന്നത് നീതികേടാണ്. തെറി വിളിക്കാത്ത മാനവർ ഭൂമിയിലുണ്ടോ എന്ന തീർത്തും നിഷ്കു നരേഷൻസുമായി ഈ വിഷയത്തെ സമീപിക്കുന്ന ഒരു പാട് പേരെ കണ്ടു.
തെറി വിളിക്കാത്തവർ ഭൂമിയിൽ വിരളമെങ്കിലും ഒരു പ്രകോപനവുമില്ലാതെ പച്ചയ്ക്ക് ഒരു RJയുടെ മുഖത്ത് നോക്കി ഒരു റേഡിയോ പ്രോഗ്രാമിനിടയിൽ പച്ചയ്ക്ക് തെറി വിളിക്കാൻ ധൈര്യമുള്ള സെലിബ്രിറ്റി ഇയാളെ കാണൂ! ജീവിതത്തിൽ ഒരിക്കലെങ്കിലും തെറി വിളിക്കാത്തവരോ കേൾക്കാത്തവരോ ഉണ്ടാവില്ലെന്നത് സത്യമാണ്. എന്നു കരുതി തെറി വിളിക്കുകയെന്നത് സ്വഭാവികമായ ഒരു സ്വഭാവവിശേഷമാണെന്നും അതിനാൽ അത് തിരുത്തപ്പെടേണ്ട ഒന്നല്ലായെന്നും നമ്മൾ മക്കളോടും നമുക്കിളയവരോടും പറഞ്ഞുകൊടുക്കുമോ ?
ക്ലാസ്സിൽ പച്ചത്തെറി പറയുന്ന ഒരു വിദ്യാർത്ഥിയെ നോക്കി കീപ്പ് ഇറ്റ് അപ്പ് എന്നു പറഞ്ഞ് തോളിൽ തട്ടി അഭിനന്ദിക്കാൻ ഒരദ്ധ്യാപകന് കഴിയുമോ ? നിത്യജീവിതത്തിൽ എല്ലാ ദിവസവും തെറിപ്പാട്ട് മാത്രം പറയുന്ന ഒരുവനെ സംസ്കാരസമ്പന്നനായി അംഗീകരിക്കുവാൻ നമുക്ക് കഴിയുമോ ? തെറിക്കുത്തരം മുറിപ്പത്തൽ തന്നെ. ആ മുറിപ്പത്തൽ കൊണ്ട് ഒന്ന് രണ്ട് കിട്ടുമ്പോൾ ഈ അസ്കിത അങ്ങ് നിന്നോളും.
കളക്ടർ ബ്രോയുടെ ഓ യാ കമന്റും ഹൈബി ഈഡന്റെ ഭാര്യയുടെ റേപ്പ് ജോക്കും പണിക്കരുടെ സാർഡ് വിച്ച് പരാമർശവുമൊക്കെ ഇവിടെ സാംസ്കാരിക കേരളത്തിലെ പുരോഗമന സിങ്കങ്ങളുടെയും ഫെമിനിച്ചികളുടെയും ഉറക്കം കെടുത്തിയ മ്ലേച്ഛ പദങ്ങളായിരുന്നുവെങ്കിൽ അതിനും എത്രയോ മടങ്ങ് കുതിരശക്തിയുള്ള ഭാസിയുടെ ആഭാസം എങ്ങനെ പൊറുക്കാൻ പറ്റുന്ന ഒന്നായി മാറും?
അസഭ്യഭാഷാപ്രയോഗത്തിനൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. കേട്ടുനില്‍ക്കുന്നവരില്‍ ഭൂരിപക്ഷ വിഭാഗം അത്തരക്കാരെ നോക്കി പുച്ഛത്തോടെ ചിരിക്കുകയായിരിക്കും. തല്‍ക്കാലത്തേക്ക് ജയം നേടാന്‍ അധമഭാഷ സഹായിച്ചേക്കും.പക്ഷേ നാശത്തിന്റെ നാരായ വേര് കിടക്കുന്നത് അതിലാണെന്നതാണ് സത്യം. സ്വഭാവത്തെ നിയന്ത്രിക്കുന്നത് പെരുമാറ്റവും സംസാര ശൈലിയുമാണ്.
അപ്പോള്‍ സംസാരത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ തീര്‍ച്ചയായും ഒരാളുടെ സ്വഭാവത്തെയാണ് തുറന്നുകാണിക്കുന്നത്.നഗരത്തിലായാലും ഗ്രാമത്തിലായാലും കുടിലിലായാലും കൊട്ടാരത്തിലായാലും സംസ്‌കാരമുള്ളവര്‍ സഭ്യമായേ സംസാരിക്കൂ. സഭ്യതയും സംസ്‌കാരവുമാണ് നാവിലൂടെ പുറത്തേക്കുവരേണ്ടത്. 'വായില്‍ തോന്നുന്നത് കോതക്ക് പാട്ട്' എന്ന രീതി ഒരു കലാകാരന് ചേർന്നതല്ല. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന തിരിച്ചറിവ് ഉണ്ടാവുമ്പോൾ മാത്രമേ കലാകാരൻ എന്ന പദത്തിന് അർഹനാവൂ. ആ തിരിച്ചറിവ് ശ്രീനാഥിന് വരട്ടെ!
https://www.facebook.com/Malayalivartha


























