ജന്മനാ കേൾവിക്ക് പരിമിതിയുണ്ട്; എന്നാൽ ആ പ്രശ്നത്തെ അവഗണിച്ച് ബിരുദം നേടി; ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിൽ എത്തി; മഞ്ജുവിന്റെ ജീവിത കഥ മൻ കി ബാത്തിലൂടെ പറഞ്ഞ് പ്രധാനമന്ത്രി; സന്തോഷവതിയായി മലയാളി പെൺകൊടി

ഡൽഹിയിലെ ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച് ആൻഡ് ട്രെയിനിങ് സെന്ററിലെ മലയാളി വിദ്യാർഥി എസ്.കെ. മഞ്ജു അതീവ സന്തോഷവതിയാണ്. കാരണം മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കുറിച്ച് പരാമർശിച്ചു. ഇതാണ് മഞ്ജുവിന്റെ സന്തോഷത്തിന് കാരണം. ജന്മനാ കേൾവിക്ക് പരിമിതിയുളള കുട്ടിയാണ് മഞ്ജു. എന്നാൽ ആ പ്രശ്നത്തെ അവഗണിച്ച് ബിരുദം നേടി. മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിൽ എത്തി.
മഞ്ജുവിന്റെ ഈ ജീവിത കഥയാണ് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പറഞ്ഞത്. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നിന്നു ബികോം പഠനം പൂർത്തിയാക്കി മഞ്ജു. ആംഗ്യഭാഷാ അധ്യാപികയാകണമെന്നാണു മഞ്ജുവിന്റെ ആഗ്രഹം. ഡൽഹിയിൽ ഡിപ്ലോമ പഠനത്തിനായി ചേർന്നു. നിഷിലെ ബികോം വിദ്യാർഥിയാണ് സഹോദരൻ മനു. സഹോദരനും കേൾവി പരിമിതിയുണ്ട്.
മഞ്ജുവിനെ പരിശീലിപ്പിച്ച നിഷിലെ ഡിഗ്രി വിഭാഗം മേധാവി രാജി ഗോപാലും ലക്ചറർ യു.വി. ഭാവനയ്ക്കും മഞ്ജുവിനെ പറ്റി പറയാൻ നൂറ് നാവാണ്. പഠിക്കാൻ മാത്രമല്ല മിടുക്കി മഞ്ജു നൃത്തത്തിലും എഴുത്തിലുമെല്ലാം മിടുക്കിയാണ്. ചേർത്തല പട്ടണക്കാട് കാരിക്കാശേരിൽ ടി.വി.രാജുവിന്റെയും സുജയുടെയും മകളാണ് മഞ്ജു. മാതാപിതാക്കൾക്കും സഹോദരൻ മനുവിനും കേൾവി പരിമിതിയുണ്ട്.
https://www.facebook.com/Malayalivartha


























