പത്തനംതിട്ടയിൽ കാട്ടുപോത്ത് കിണറ്റില്‍ വീണു; കിണറിടിച്ചു രക്ഷപ്പെടുത്താൻ വനംവകുപ്പ്

പത്തനംതിട്ടയിലെ കോന്നിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണതിനെ തുടർന്ന് രക്ഷപ്പെടുത്താൻ വനംവകുപ്പ്. അതമ്പുംകുളത്തിനടുത്ത് ഞള്ളൂര്‍ എന്ന സ്ഥലത്ത് അനു എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. കഴിഞ്ഞ ദിവസം രാത്രിയാണ് പോത്ത് കിണറ്റില്‍ വീണതെന്നാണ് നിഗമനം.
അതേസമയം രാവിലെ കിണറ്റില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടുപോത്ത് കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
എന്നാൽ പത്തടിയോളം താഴ്ചയുണ്ട് കിണറിന്. സാധാരണയായി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറാണിത്. അതിനാൽ തന്നെ ജെസിബിയുടെ സഹായത്തോടെ കിണറിന്റെ ഒരു വശം ഇടിച്ചു നിരപ്പാക്കി കാട്ടുപോത്തിനെ പുറത്തെത്തിക്കാനാണ് നീക്കം.
മാത്രമല്ല വളരെ ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തെ തുടർന്ന് മയക്കുവെടി വെച്ച് കാട്ടുപോത്തിന് ചികിത്സ നല്‍കിയശേഷമാകും കാട്ടിലേക്ക് വിടുകയെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















