പണം കൊടുക്കാതെ ഭക്ഷണം കഴിക്കാനുള്ള വഴി ബിരിയാണിയില്‍ പാറ്റ... രണ്ടു യുവാക്കളെ സിസിടിവി കുടിക്കി

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിക്കുകയും നിരവധി പേര്‍ വിവിധ സ്ഥലങ്ങളിലായി ആശുപത്രിയില്‍ ആയതിനുപിന്നാലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. അതിനിടയിലാണ് ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ച ശേഷം പാറ്റയെ കണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ രണ്ട് യുവാക്കള്‍ നോക്കിയത്. സംഭവം ഏറ്റില്ലായെന്ന് മനസ്സിലായ യുവാക്കള്‍ ഹോട്ടലില്‍ നി്ന്നും ഓടി രക്ഷപ്പെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴക്കൂട്ടം കണിയാപുരം റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള ഹോട്ടലിലായിരുന്നു സംഭവം. സ്‌കൂട്ടറില്‍ ഹോട്ടലില്‍ എത്തിയ യുവാക്കള്‍ ഹോര്‍ലിക്‌സും ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. കഴിച്ചു തീരാറായപ്പോള്‍ ബിരിയാണിയില്‍ നിന്നും പാറ്റയെ കിട്ടിയെന്ന് ആരോപിച്ച് കടയില്‍ ബഹളം ഉണ്ടാക്കാന്‍ തുടങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ സിസിടിവി ദൃശ്യം പരിശോധിക്കുന്നതിനിടയില്‍ ഒരാള്‍ ആദ്യം മുങ്ങി.
ഹോട്ടലുകാരോട് ദേഷ്യപ്പെട്ട് പുറത്തിറങ്ങുന്നു എന്ന വ്യാജേനെയാണ് ഒന്നാമന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ വന്ന സ്‌കൂട്ടര്‍ പരിശോധന നടത്തിയപ്പോള്‍ നമ്പര്‍പ്‌ളേറ്റ് വ്യാജമാണെന്ന് കണ്ടതോടെ രണ്ടാമനെ ഹോട്ടലുകാര്‍ പിടിച്ചുവെച്ചെങ്കിലും പിന്നീട് ഇയാളും ഓടി രക്ഷപ്പെട്ടു.
ഇവര്‍ വന്ന സ്‌കൂട്ടറും മോഷ്ടിച്ചതാണെന്ന സംശയം ഉയര്‍ന്നതോടെ ഹോട്ടലുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂട്ടറിന്റെ നമ്പര്‍പ്‌ളേറ്റ് നീക്കിയിട്ടുണ്ട്. മോഷണ വാഹനമായതിനാലാകാം നമ്പര്‍ പ്‌ളേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha























