ഗുണ്ടകളുമായി ചങ്ങാത്തം... DYSPമാർക്ക് തൊപ്പി തെറിച്ചു... നൂറിലധികം പോലീസുകാർ ബ്ലാക്ക് ലിസ്റ്റിൽ... ഗുണ്ടകളുമായി അടുത്ത സൗഹൃദം

പോലീസിന്റെ മുഖം നന്നാക്കാനുള്ള തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. ബേപ്പൂർ തീരദേശ പോലീസ് സേനയിലെ സി ഐ. പി ആർ സുനുവിനെ സേനയിൽ നിന്ന് പിരിച്ചുവിട്ട നടപടി ഇതിന്റെ തുടക്കമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഗുണ്ടാബന്ധവും കൈക്കൂലിയും ഉൾപ്പെടെ ആരോപണ വിധേയരായ 20 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി വരുന്നു എന്ന വാർത്ത ലഭിച്ചിരുന്നു.
അതിന്റെ ഭാഗമായി ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ. കെ. ജെ. ജോൺസൺ, പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ. ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.
എം. പ്രസാദ് വിജിലിൻസ് ഡിവൈഎസ്പിയാണ്. ഗുണ്ടകളായ നിധിനും രജ്ഞിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകൾ സംഘടിപ്പിക്കുന്ന മദ്യപാന പാർട്ടികളിൽ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തര വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി ഉറ്റബന്ധം പുലർത്തിയ മറ്റൊരു സി.ഐയെ അടുത്തിടെ സസ്‌പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടി ഉറപ്പായവരിൽ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ, എ.എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരാണുള്ളത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സസ്‌പെൻഡ് ചെയ്ത് വിശദീകരണം ചോദിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം.
ജില്ലയിൽ നൂറ്റിപ്പത്തിലധികം പോലീസ് ഓഫീസർമാർക്ക് ഗുണ്ട, മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം എന്ന സൂചന ലഭിച്ചിട്ടുണ്ട്. സിറ്റി- റൂറൽ പോലിസിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെ ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇവർ. കാപ്പാ നടപടികളടക്കം ഗുണ്ടകൾക്ക് ചോർത്തി കൊടുക്കുന്നതിൽ ഈ പോലീസുകാർക്ക് പങ്കുണ്ട്.
നഗരത്തിൽ മെഡിക്കൽ കോളേജ്, കഴക്കൂട്ടം, തുമ്പ, പൂജപ്പുര, തിരുവല്ലം, നേമം, കരമന, പേട്ട, പോലീസ് സ്റ്റേഷനുകളും ബ്‌ളാക്ക് ലിസ്‌ററിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഫിയകളുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു ഡിവൈഎസ്പിയും പേട്ട, മംഗലപുരം, റെയിൽവേ സി.ഐമാരെയും സസ്‌പെന്റ് ചെയ്തിരുന്നു.
ഗുണ്ടകളുമായി ബന്ധമുള്ള ഒരു ഡസനിലധികം പോലീസുകാർ സസ്പൻഷൻ കാത്ത് കിടക്കുകയാണ്. ഇതിൽ മൂന്ന് ഡിവൈഎസ്പിമാരും നാല് സിഐമാരും ഒരു ഡസനിലധികം എസ്.ഐമാരും ഉൾപ്പെടും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നഗരത്തിൽ ഗുണ്ടാവിളയാട്ടം രൂക്ഷമാണ്. പോലീസുകാരുടെ ഒത്താശയൊടെ ഗുണ്ടകളുടെയും മാഫിയകളുടെയും സുരക്ഷിത കേന്ദ്രമായി നഗരം മാറി.
പിണറായി സർക്കാർ കഴിഞ്ഞ ആറര വർഷക്കാലയളവിൽ കൂടുതൽ പഴികേൾക്കേണ്ടി വന്നത് പോലീസിനെ ചൊല്ലിയായിരുന്നു. പിന്നാലെയാണ് നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് സുനുവിനെ ഡിജിപി പുറത്താക്കിയത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അനുവദിക്കാതെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ആക്ട് 86 ഉപയോഗിച്ച് ഒരു പോലീസുകാരനെ പിരിച്ചുവിടുന്നത്. തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ സുനുവിനെതിരെ ചാർത്തപ്പെട്ടിട്ടുണ്ട്. നേരത്തേ ഇയാൾ 15 തവണ വകുപ്പുതല നടപടിയും ആറ് തവണ സസ്പെൻഷനും നേരിട്ടിരുന്നു. അതോടൊപ്പം 50 കോടി രൂപയുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ച ഡിവൈ.എസ്.പിയും പട്ടികയിലുണ്ട്.
സേനയിലെ 58 പേരെ കൂടി പിരിച്ചുവിടാനുള്ള നീക്കമുണ്ട് എന്ന സൂചന ലഭിക്കുന്നുണ്ട്. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച റിപോർട്ടിൽ ഡിജിപി അനിൽകാന്ത് ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും നിയമ സെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ ഈ റിപോർട്ടിന് അംഗീകാരം നൽകുകയും ചെയ്തതായാണ് വിവരം.
സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം, കസ്റ്റഡി മരണം, ഒരേ കുറ്റം ആവർത്തിക്കൽ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെയാണ് രെയാണ് ഡിജിപി അനിൽകാന്ത് നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.
ചില സിഐമാരും ഡിവൈഎസ്പിമാരും ഗുണ്ടകളെ സംരക്ഷിക്കുകയും അവരുമായി അടുപ്പം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാനുള്ള ഓരോ നീക്കവും സേനയ്ക്കുള്ളിൽ നിന്നു ചോരുന്നുമുണ്ട്. ക്രിമിനൽ കേസുകളിൽപ്പെട്ട പൊലീസുകാരെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കാൻ തിരക്കിട്ട നടപടി തുടങ്ങി.
ഈ സാഹചര്യത്തിൽ ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിരിച്ചുവിടാനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നീക്കം സ്വാഗതാർഹമാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ ഇനി മറ്റ് റിപ്പോർട്ടുകൾ തേടേണ്ടതില്ലെന്നും ശക്തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. കണിയാപുരത്തു യുവാവിനെ തട്ടിക്കൊണ്ടു പോകുകയും അന്വേഷിക്കാനെത്തിയ പോലീസിനെ പടക്കമെറിയുകയും ചെയ്ത ഗുണ്ടകൾ തന്നെയാണു മുഖ്യമന്ത്രിയുടെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ മർദിച്ച് കിണറ്റിലിട്ടത്.
പ്രതികളെ നാട്ടുകാർ പിടികൂടി ആര്യനാട് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. ലഹരിയും ഇവർ ഒഴുക്കുന്നു. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയതും ലഹരി തർക്കത്തിന്റെ പ്രതിഫലനമായിരുന്നു. മാനവീയം വീഥി, കവടിയാർ, നന്തൻകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നഗരത്തിനുള്ളിൽ തന്നെ മയക്കു മരുന്ന് കച്ചവടം സജീവമാണ്.
https://www.facebook.com/Malayalivartha























