കേന്ദ്രത്തിൽ തോമസിനെ വിട്ടത് സിപിഎം - ബിജെപി ഇടനിലക്കാരനായിട്ട്... ആഞ്ഞടിച്ച് സതീശൻ... സംഘപരിവാർ ബന്ധം ഊട്ടിയുറപ്പിക്കാൻ

കെ.വി തോമസിനെ ഇടത് സർക്കാർ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് സി.പി.എം- ബി.ജെ.പി ഇടനിലക്കാരനായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് നിയമനമെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കെ.വി. തോമസിന്റെ നിയമനം. സിപിഎമ്മിനു സംഘപരിവാറുമായി ബന്ധം പുലർത്താൻ ഒരുപാട് ഇടനിലക്കാർ ഡൽഹിയിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. കൊല്ലത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സതീശന്റെ പ്രസ്താവന.
ഡൽഹിയിൽ കേരളാ സർക്കാറിൻറെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. നേരത്തെ, മുൻ എം.പി എ. സമ്പത്തിനെ സംസ്ഥാനത്തിൻറെ പ്രതിനിധിയായി സർക്കാർ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് സതീശന്റെ ആക്രമണം.
കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായി കെ.വി തോമസിനെ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് കോൺഗ്രസ് വിട്ട ശേഷം കെ.വി തോമസ് നടത്തിയ ബെംഗളൂരു- ഡൽഹി യാത്രകൾ പരിശോധിച്ചാൽ അദ്ദേഹം നിരന്തരമായി സംഘപരിവാർ നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നെന്ന് വ്യക്തമാകും.
രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നിയമനമാണിത് എന്നത് വ്യക്തമാണ്. സംഘപരിവാറിന്റെ വിവിധതലങ്ങളിലുള്ള നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലകാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കുന്നതിനും അവിഹിതമായ ബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്നതിന് വേണ്ടി ഒരു ഔദ്യോഗിക ഇടനിലക്കാരൻ എന്ന നിലയിലാണ് കെ.വി. തോമസിന്റെ നിയമനം’’ – സതീശൻ കൂട്ടിച്ചേർത്തു.
ശമ്പളമോ സാമൂഹിക സുരക്ഷാ പെൻഷനോ പോലും നൽകാൻ ആകാത്തയത്ര പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന കെ.വി തോമസിന്റെ നിയമനം എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. ചെലവ് ചുരുക്കണമെന്ന സർക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോ?, സതീശൻ ചോദിച്ചു.
'ഡൽഹിയിൽ ഇപ്പോൾ തന്നെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയുണ്ട്. റെസിഡൻഷ്യൽ കമ്മീഷണറായി സൗരവ് ജെയ്ൻ എന്ന ഐ.എ.എസുകാരന്റെ നേതൃത്വത്തിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുണ്ട്. ഇത് കൂടാതെ കേരള സർക്കാരിന് ഡൽഹിയിൽ നിയമ വിഭാഗവും ഇൻഫർമേഷൻ ഓഫീസും ടൂറിസം ഇൻഫർമേഷൻ ഓഫീസും നോർക്കയുടെ ഓഫീസും കെ.എസ്.ഇ.ബി ഓഫീസുമുണ്ട്.
എന്നിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയമനം നടത്തിയത്? നേരത്തെ മുൻ എം.പി സമ്പത്തിനെ നിയമിച്ചപ്പോൾ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എല്ലാവർക്കും ഓർമ്മയുണ്ട്. സമ്പത്തിൽ നിന്നും എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്?' എന്നും അദ്ദേഹം ആരാഞ്ഞു.
യുവജന കമ്മീഷന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ സർക്കാർ ഇരട്ടിയാക്കിയിട്ടും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കെ.വി തോമസിന്റെ നിയമനത്തിലൂടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയാണ് സർക്കാർ വരുത്തി വച്ചിരിക്കുന്നത്, എന്നും സതീശൻ കൂട്ടിച്ചേർത്തു.
ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
https://www.facebook.com/Malayalivartha























