കോട്ടയം കുറവിലങ്ങാട് മദ്യലഹരിയിൽ സംഘർഷം; റബ്ബർ കമ്പിന് അച്ഛനെ മകൻ തലക്കടിച്ചു കൊന്നു; കൊലപാതക വിവരം പുറത്തറിഞ്ഞത് പുലർച്ചെ അയൽവാസി വീട്ടിലെത്തിയപ്പോൾ

കോട്ടയം കുറവിലങ്ങാട് മദ്യനഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ , റബർ കമ്പിന് തലക്കടിയേറ്റ് അച്ഛൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത് മലയിൽ കുളത്തുങ്കൽ ജോസഫി (ജോസ് - 69 )നെയാണ് വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായ് ബന്ധപ്പെട്ട് ജോസിന്റെ മകൻ ജോൺ പോളി ( 38 ) നെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയോടു കൂടിയായിരുന്നു സംഭവം. മദ്യലഹരിയിൽ ജോസും മകനും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വീടിനുള്ളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ജോസ് കയ്യിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ജോണിന് ആക്രമിച്ചു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ജോൺ കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ജോസിനെ ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് വീട്ടുമുറ്റത്ത് ബോധരഹിതനായി കിടന്ന ജോസിനെ , ഇവിടെ ഉപേക്ഷിച്ച ശേഷം ജോൺ വീടിന് സമീപത്ത് പോയി കിടന്നു. രാത്രി പിതാവ് എഴുന്നേറ്റ് വന്ന് തന്നെ ആക്രമിക്കുമെന്ന് ഭയമാണ് താൻ വീട്ടിൽ നിന്നും മാറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് രാവിലെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ പിതാവ് ചലനം ഇല്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് അയൽവാസിയായ വീട്ടമ്മയെ വിളിച്ചുകൊണ്ടുവന്ന് പരിശോധന നടത്തിയപ്പോൾ പിതാവിന് ചലനമില്ലെന്ന് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം ഉറപ്പിച്ചത്.
തുടർന്ന് നാട്ടുകാർ വിവരം കുറവിലങ്ങാട് പോലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ ചോദ്യംചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടി കിട്ടിയതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുൻപും പിതാവും മകനും തമ്മിൽ സംഘർഷം ഉണ്ടായിട്ടുള്ളതായി പോലീസ് പറയുന്നു. മകൻറെ മുഖത്ത് ജോസ് ആസിഡ് ഒഴിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ജോസിന്റെ ഭാര്യ സഹോദരിയോടൊപ്പമാണ് കഴിയുന്നത്. നഴ്സിങ്ങ് പഠനം കഴിഞ്ഞ ജോൺ പോൾ വീട്ടിൽ തന്നെ കഴിയുകയാണ്. ജോസിന്റെ സഹോദരിയിൽ ഒരാൾ മാൾട്ടയിലും, മറ്റൊരാൾ ബന്ധുവിന് ഒപ്പമാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha