എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കുക. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഇത്തവണ ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുമെന്നാണ് ശിവന്‍കുട്ടി അറിയിച്ചത്.
അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ശിവന്‍ കുട്ടി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാളില്‍ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ വെള്ളം കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച മലബാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമിതിയെ നിയമിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകരുടെ ഡ്യൂട്ടി ആശങ്കയെക്കുറിച്ചും മന്ത്രി പ്രതികരിച്ചിരുന്നു. എല്ലാ വശവും ചര്‍ച്ച ചെയ്താണ് തിയതി നിശ്ചയിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ സമയക്രമം തീരുമാനിക്കാനാകില്ലെന്നും വി ശിവന്‍കുട്ടി .
അതേസമയം സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 419,362 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയയില്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും ഇത്തവണ ചോദ്യങ്ങള്‍.രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്.
പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് 29 നാണ്. 2,960 പരീക്ഷാ സെന്ററുകളാണ് മൊത്തമായി സജ്ജീകരിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























