എന്റെ കേരളം 2023 മെഗാ പ്രദർശനം: പവലിയൻ നിർമ്മാണം ആരംഭിച്ചു... സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 1 ന് മറൈൻഡ്രൈവിൽ

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്ന എന്റെ കേരളം-2023 മെഗാ പ്രദർശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. എറണാകുളം മറൈൻഡ്രൈവിൽ പവലിയൻ നിർമ്മാണം ആരംഭിച്ചു. ഇതുവരെയുള്ള പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്തു.
ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് എറണാകുളം മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മേയർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ ഒന്നു മുതൽ ഏഴ് വരെ മറൈൻഡ്രൈവിൽ വിപണന - പ്രദർശന, ഭക്ഷ്യ-കലാ മേളയാണ് സംഘടപ്പിച്ചിരിക്കുന്നത്.
കേരളം ഒന്നാമതെത്തിയ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം നേട്ടങ്ങൾ, സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ, യുവാക്കൾക്ക് സേവനം നൽകുന്ന യൂത്ത് സെഗ്മെന്റ്, വിദ്യാഭ്യാസ, തൊഴിൽ, കിഫ്ബി ബ്ലോക്കുകളും വിപണന മേളയും പ്രദർശനത്തിൽ ഉണ്ട്. പ്രത്യേക ഫുഡ് കോർട്ടും ഏഴു ദിവസവും കലാ പരിപാടികളും ഉണ്ടാകും.
കുട്ടികൾക്കായി പ്രത്യേക സ്‌പോർട്‌സ് ആക്ടിവിറ്റി ഏരിയയും സജ്ജമാക്കും. യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ ,വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha