സങ്കടം സഹിക്കണില്ല... കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി; വാക്കിലും സിനിമയിലും നര്‍മ്മം കണ്ടെത്തിയ ഒരേയൊരു ഇന്നസെന്റ്; 10 വര്‍ഷം മുമ്പ് സുകുമാരിയമ്മ പോയ മാര്‍ച്ച് 26ന് അത് സംഭവിച്ചു; ഇന്നസെന്റ് ഒരോര്‍മ്മ

ഇന്നസെന്നിന്റെ മരണം ഏറെ വേദനയുളവാക്കുന്നു. കാന്‍സറിനെ ധീരമായി ചിരിച്ചുകൊണ്ട് തോല്‍പ്പിച്ച ഇന്നസെന്റ് ഇനിയില്ല. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്റ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.
750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.
ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 6.30 ന് ആശുപത്രിയില്‍ നിന്നും കൊണ്ടുപോകും. തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനം നടത്തും. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. അതേ സമയം മലയാള സിനിമ രംഗത്തെ മികച്ച സംഘാടകനായ ഇന്നസെന്റിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും അനുശോചനം രേഖപ്പെടുത്തുകയാണ്.
മലയാളിയുടെ സിനിമാ അനുഭവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് വിടവാങ്ങിയത്, നടി സുകുമാരി മരിച്ചതിന്റെ പത്താം വാര്‍ഷിക ദിനത്തിലാണ്. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുകയും മലയാളിയെ ചിരിപ്പിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിലും നാണയത്തിനിരുവശമായിരുന്നു ഇരുവരും. മനുഷ്യാവസ്ഥകളുടെ വിഭിന്ന ഭാവങ്ങള്‍ക്കും രൂപങ്ങള്‍ക്കും ജീവനേകിയവര്‍. മലയാള സിനിമാ ചരിത്രത്തിലെ മികച്ച നടിമാരുടെ പട്ടികയെടുത്താല്‍ മുന്നില്‍ തന്നെയായിരുന്നു സുകുമാരി. ചെയ്യാത്ത വേഷങ്ങളില്ല.
ഹാസ്യമടക്കം എല്ലാ വേഷങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സമാനമായിരുന്നു ഇന്നസെന്റിന്റെ അഭിനയ ജീവിതവും. ചെറുവേഷങ്ങളില്‍ തുടങ്ങി, വലിയ നടനായി ഉയര്‍ന്ന അഭിനേതാവ്. ഹാസ്യ ഭാവങ്ങളില്‍ തന്റേതായ ഇടം കണ്ടെത്തി കസേരയിട്ടിരുന്നെങ്കിലും ഹാസ്യത്തിന് പുറത്തേക്കും ഇന്നസെന്റിന്റെ അഭിനയ ജീവിതം പരന്നൊഴുകി. 2013 മാര്‍ച്ച് 26നാണ് 72-ാമത്തെ വയസ്സില്‍ സുകുമാരി അന്തരിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയില്‍ തന്റെ ഇടം ഒഴിച്ചിട്ട് അതേ മാര്‍ച്ച് 26ന് ഇന്നസെന്റും വിടവാങ്ങിയിരിക്കുകയാണ്.
കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് മെഡിക്കല്‍ വിദഗ്ധ സംഘം വ്യക്തമാക്കി. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിക്കുകയായിരുന്നു. കാന്‍സര്‍ ബാധിച്ച അനേകായിരങ്ങള്‍ക്ക് ഏറെ പ്രീക്ഷ നല്‍കുന്നതായിരുന്നു ഇന്നസെന്റിന്റെ പ്രവര്‍ത്തനങ്ങള്‍. തമാശയിലൂടെ കാന്‍സറിനെ അതീജിവിച്ച കാര്യങ്ങള്‍ എപ്പോഴും അദ്ദേഹം പറയുമായിരുന്നു. പക്ഷെ ഇന്നസെന്റ് ഇനിയില്ല വെറും ഓര്‍മ്മ.
"
https://www.facebook.com/Malayalivartha