മയക്കിയിട്ടും മയക്കിയിട്ടും മയങ്ങാതെ... തമിഴ്‌നാട് പിടിച്ച അരിക്കൊമ്പനെ മണിമുത്താറിലെത്തിച്ചു; കേരളത്തിലേക്ക് എത്താന്‍ അരിക്കൊമ്പന് സാധ്യതകളേറെ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യത്തിലടക്കം തീരുമാനം ഇന്നുണ്ടാകും
അരിക്കൊമ്പനാണ് മാസങ്ങളായി വാര്‍ത്തകളില്‍ നിറയെ. അതേസമയം അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു.
മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിര്‍ദേശം മാറ്റിയത്. എന്നാല്‍ ആനയുടെ ആരോഗ്യം തീരെ മോശമാണെന്ന നില വന്നതോടെ കാട്ടിലേക്കയക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഈ അവസ്ഥയില്‍ കാട്ടിലേക്കയച്ചാല്‍ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹര്‍ജിയിലെ പരാതി.
അരിക്കൊമ്പനെ ഇന്നലെ പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.
അതേസമയം അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അവനിഷ്ടമുള്ളിടത്ത് തങ്ങുന്നതിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, അരിക്കൊമ്പന്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കുന്നതില്‍ ഇന്നലെ പ്രതിഷേധം ഉണ്ടായിരുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് പ്രതിഷേധം നടത്തിയത്. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്.
ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ പുലര്‍ച്ചെ രണ്ടിന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വെടിവച്ചത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ 250 കിലോമീറ്റര്‍ അകലെയുള്ള മണിമുത്താറിന് സമീപത്തെ മാഞ്ചോലയിലെത്തിച്ചു. മണിമുത്താറില്‍ തുറന്നുവിടാനാണ് എത്തിയതെങ്കിലും ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഉടനുണ്ടാവില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കില്‍ അരിക്കൊമ്പന് ചികിത്സ നല്‍കിയ ശേഷമേ തുറന്നു വിടൂ.
ജനവാസ മേഖലയില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി അപ്പര്‍കോതയാറിലെ ഡാമിന് സമീപമാണ് ആനയെ വിടുക. ഇതിനിടെ പ്രതിഷേധിച്ച പ്രദേശവാസികളെ അറസ്റ്റ് ചെയ്തുനീക്കി.
അതേസമയം കളകാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ അപ്പര്‍ കോതയാറിന് സമീപം തുറന്നു വിട്ടാല്‍ അരികൊമ്പന്‍ ഇനി പശ്ചിമഘട്ട വനമേഖയിലുണ്ടാകും. കടുവ സങ്കേതത്തിന് സമീപത്തെ കാരയാറും ക്ടാവെട്ടി പാറയും പേയാറും പാണ്ടിപത്തും പിന്നിട്ട് അഗസ്ത്യമലയിലെ തമിഴ്‌നാട് ചരിവ് കടന്നെത്തിയാല്‍ ബോണക്കാടെത്താം. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലേക്കുമെത്തിയേക്കാം. 12 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. എന്നാല്‍ പലതവണ മയക്കുവെടിയേറ്റ ആനയ്ക്ക് അതിന് സാധിക്കുമോ എന്നുള്ളത് സംശയമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha