നിയന്ത്രണം വിട്ട ഓട്ടോ കുന്നിന്‍മുകളില്‍ നിന്ന് കടലിലേക്ക് വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

നിയന്ത്രണം വിട്ട ഓട്ടോ കുന്നിന്‍മുകളില്‍ നിന്ന് കടലിലേക്ക് വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇടവ ഓടയം സ്വദേശി ഫാറൂക്ക് (46) ആണ് മരിച്ചത്.
വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞത്തിയ ബന്ധുക്കള്‍ മൃതദേഹം ഫാറൂക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.
അയിരൂര്‍, വര്‍ക്കല പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞദിവസം രാത്രി 8.30 യോടെ ഇടവ മാന്തറയിലാണ് അപകടമുണ്ടായത്. മാന്തറ ക്ഷേത്രത്തിന് പുറകുവശത്ത് വര്‍ക്കല ഫോര്‍മേഷന്റെ ഫെയ്സ് ഒന്നായ മാന്തറ കുന്നിന്‍മുകളില്‍ നിന്നാണ് ഓട്ടോ കടലിലേക്ക് വീണത്.
അതേസമയം ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത് നിന്നു 30 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടത്.
കനത്ത മഴയെ തുടര്‍ന്ന് കനാല്‍വെള്ളം സമീപത്തെ വയലിലേക്ക് പരന്നൊഴുകിയ നിലയിലായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കിട്ടിയത്.
നാട്ടുകാര്‍ കരക്കെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരമാണ് ബിജീഷ് അപകടത്തില്‍പെട്ടത്. കനാലിലെ പായല്‍ നീക്കം ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha


























